ചേർത്തല: ഒറ്റമശേരിയിലെ കടലാക്രമണത്തിന് താത്കാലിക പരിഹാരമാകാൻ കരിങ്കല്ല് ഇറക്കുന്നതിന് ഇറിഗേഷൻ വകുപ്പ് ഇ ടെൻഡർ ക്ഷണിച്ചു. ഇവിടെ വിവിധ ഭാഗത്തായി വീടുകൾക്ക് ഗുരുതരഭീഷണി നേരിടുന്ന 60 മീറ്റർ പ്രദേശത്ത് കല്ലിറക്കി കടൽഭിത്തി സ്ഥാപിക്കുന്നതിനാണ് തുക അനുവദിച്ചിട്ടുള്ളത്.
9 ലക്ഷം രൂപയുടേതാണ് പദ്ധതി. 25 ന് ടെൻഡർ തുറക്കും. ടെൻഡറിൽ ആരെങ്കിലും പങ്കെടുത്തെങ്കിൽ തുടർനടപടി സ്വീകരിക്കാനും കാലവർഷം ശക്തിപ്പെടുന്നതിനു മുന്നോടിയായി കല്ല് സ്ഥാപിക്കാനുമുള്ള തീരുമാനത്തിലാണ് അധികൃതർ. സർക്കാർ നൽകുന്ന വില കുറവായതിനാൽ കരാറുകാർ ആരും ടെൻഡർ എടുക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നുത്. കരിങ്കല്ലിന്റെ ലഭ്യതക്കുറവ്, പെരുമ്പാവൂർ, മൂവാറ്റുപുഴ മേഖലയിൽ നിന്നു ഇവിടെ കല്ല് എത്തിക്കുന്നതിന്റെ ചെലവ്, വേബ്രിഡ്ജ് നിർമ്മാണം ഇതെല്ലാം കൂടിയാകുമ്പോൾ നഷ്ടമാകുമെന്നതിനാൽ കരാർ എടുക്കാൻ ആളെത്തുന്നില്ലെന്നാണ് വിശദീകരണം. കല്ലിന്റെ നിരക്ക് വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. ടെൻഡറിൽ ആരും പങ്കെടുത്തില്ലെങ്കിൽ പകരം സംവിധാനത്തിലേക്ക് കടന്നേക്കുമെന്നാണ് വിവരം. പുലിമുട്ട് നിർമ്മാണമാണ് ശാശ്വത പരിഹാരം.ഇതിന് കിഫ്ബിയിൽ നിന്ന് 100 കോടി രൂപ അനുവദിച്ചതായി കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ പ്രഖ്യാപനമുണ്ടായിരുന്നു.