ആലപ്പുഴ: സൂപ്പർ കണ്ടൈൻമെൻ്റ് വാർഡുകൾക്ക് മാത്രമായി നഗരസഭ തുമ്പോളി പാരിഷ് ഹാളിൽ സമൂഹ അടുക്കള ആരംഭിക്കാൻ അവലോകന യോഗം തീരുമാനിച്ചു. നഗരസഭ ആരംഭിക്കുന്ന ഏഴാമത്തെ സമൂഹ അടുക്കളയാണിത്.ദിനം പ്രതി നാലായിരത്തിലധികം പേർക്ക് ഉച്ചഭക്ഷണവും രണ്ടായിരത്തി അഞ്ഞൂറിലധികം പേർക്ക് അത്താഴവും നൽകുന്നുണ്ട്. നഗരത്തിലെ സർക്കാർ ആശുപത്രികളിലും എഫ്.എൽ.ടി.സികളിലും ഡി.സി.സികളിലും പാലിയേറ്റീവ് സെൻ്ററിലും നഗരസഭ മൂന്നു നേരം ഭക്ഷണമെത്തി

ക്കുന്നുണ്ട്.

പുലയൻ വഴി,വഴിച്ചേരി, സക്കറിയ മാർക്കറ്റുകളിൽ നിരീക്ഷണം ശക്തിപ്പെടുത്തും. പുലയൻ വഴി മുതൽ വലിയ കുളം വരെ രാവിലെ പൊതുഗതാഗതം നിയന്ത്രിക്കും. വഴിയോര മത്സ്യക്കച്ചവടം നിരോധിക്കാനും മാർക്കറ്റുകളിൽ മാത്രം കച്ചവടമനുവദിക്കാനും യോഗം തീരുമാനിച്ചു. നഗരസഭ അദ്ധ്യക്ഷ സൗമ്യരാജിൻറ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിയുക്ത എം.എൽ.എ പി.പി. ചിത്തരഞ്ജൻ വസ്തുത അവലോകനം നടത്തി. ആലപ്പുഴ സബ് കലക്ടർ ഇലാക്യ സെക്ടറൽ മജിസ്ട്രേറ്റുമാർക്ക് ക്ലാസെടുത്തു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ,സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ.ബാബു,എ.ഷാനവാസ്, ബീന രമേശ്, സെക്രട്ടറി നീതുലാൽ, ഡിവൈ എസ്.പി ഡി.കെ. പൃഥി രാജ്, നോർത്ത്-സൗത്ത് പൊലീസ് എസ്.എച്ച്.ഒ മാരായ ബി. ഷഫീക്ക്, എസ്. സനൽ, ഹെൽത്ത് ഓഫീസർ കെ.പി. വർഗ്ഗീസ് എന്നിവർ സംസാരിച്ചു.