മാവേലിക്കര: ആശുപത്രിയിൽ മരിച്ച വീട്ടമ്മയുടെ മൃതദേഹം മൊബൈൽ മോർച്ചറിയിൽ വീട്ടിൽ സൂക്ഷിച്ചിരിക്കുന്നത് കാണാൻ പ്രദേശവാസികൾ കൂടിയതോടെ സെക്ടറൽ മജിസ്ട്രേറ്റ് ഇടപെട്ട് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. കുന്നം ശിവനിവാസ് വൃന്ദാവനത്തിൽ ശിവശങ്കരക്കുറുപ്പിന്റെ ഭാര്യ ഗിരിജ ശിവൻ (65) ഇന്നലെ രാവിലെയാണ് മരിച്ചത്. വീട്ടിൽ മൊബൈൽ മോർച്ചറിയിൽ വച്ച ശേഷം ഇന്ന് രാവിലെ 11ന് സംസ്കാരം നടത്താനാണ് വീട്ടുകാർ തീരുമാനിച്ചത്. എന്നാൽ ഇന്നല വൈകിട്ട് സ്ഥലത്തെത്തിയ സെക്ടറൽ മജിസ്ട്രേറ്റും സംഘവും മൃതദേഹം കാണാൻ കൂടുതൽ ആളുകൾ എത്തുന്നതിനാൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റണമെന്ന് നിർദേശിക്കുകയായിരുന്നു.
മൃതദേഹം മൊബൈർ മോർച്ചറിയിൽ വെയ്ക്കുന്നതിനു അനുമതി തരണമെന്നു വീട്ടുകാർ ആവശ്യപ്പെട്ടെങ്കിലും സെക്ടറൽ മജിസ്ട്രേറ്റ് നിരാകരിച്ചതായി പറയുന്നു. ഇതേത്തുടർന്നു ഇടപ്പോണിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണവീട്ടിൽ ആളുകൾ കൂടാനുള്ള സാദ്ധ്യത കണക്കിലെടുത്ത് മൃതദേഹം ഇന്നലെ തന്നെ സംസ്കരിക്കണമെന്നും അല്ലെങ്കിൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റണമെന്നും ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞതനുസരിച്ചാണ് നിർദേശം നൽകിയതെന്ന് സെക്ടറൽ മജിസ്ട്രേറ്റ് പറഞ്ഞു.