tt

ആലപ്പുഴ: ലോക്ക്ഡൗൺ നീട്ടുകയും മദ്യക്ഷാമം രൂക്ഷമാവുകയും ചെയ്തതോടെ, അടുക്കളയിൽ അത്യാവശ്യത്തിനെടുക്കാൻ പോലും ഇത്തിരി ശർക്കര വാങ്ങിവയ്ക്കാൻ കഴിയാത്ത അവസ്ഥ! കിലോയ്ക്ക് 50 രൂപയായിരുന്ന ശർക്കരയ്ക്ക് 100 രൂപ ആയിട്ടും പലചരക്ക് കടകളിൽ സംഗതി കിട്ടാനില്ല. മുക്കിലും മൂലയിലും വരെ സജീവമായ വാറ്റു കേന്ദ്രങ്ങളിൽ അവശ്യവസ്തുവായ ശർക്കരയ്ക്ക് ലോക്ക്ഡൗൺ കാലത്ത് ക്ഷാമം അനുഭവപ്പെടുന്നത് സ്വാഭാവികമെന്നാണ് കച്ചവടക്കാരുടെ പക്ഷം!

മദ്യനിരോധനം വന്നതോടെ വാറ്റുകേന്ദ്രങ്ങൾ വ്യാപകമാകുമെന്ന കണക്കുകൂട്ടലിനെത്തുടർന്ന്, ശർക്കര വൻതോതിൽ വാങ്ങുന്നവരെ സംബന്ധിച്ച് സൂചന കൈമാറണമെന്ന് എക്സൈസ്, പൊലീസ് അധികൃതർ പലചരക്ക് വ്യാപാരികൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ കച്ചവടം നഷ്ടമാകുമെന്നതിനാൽ ഉദ്യോഗസ്ഥരുടെ ഈ ഒടിവിദ്യ ഏറ്റില്ലെന്നു മാത്രമല്ല, ശർക്കരവ്യാപാരം പൊടിപൊടിക്കുകയും ചെയ്തു. പ്രഷർകുക്കറും മറ്റും ഉപയോഗിച്ച് പല വീടുകളിലും വാറ്റ് നടക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ സമ്മതിക്കുന്നുണ്ടെങ്കിലും ചെറിയ തോതിൽ വാറ്റുന്നവരെ കണ്ടെത്താനാവുന്നില്ല. ലോക്ക്ഡൗൺ തുടങ്ങി ആദ്യ ദിവസങ്ങൾ കഴിഞ്ഞപ്പോൾ മുതൽ വാറ്റ് കേന്ദ്രങ്ങൾ സജീവമായി തുടങ്ങിയിരുന്നു. എന്നാൽ നിലവിൽ ശർക്കരയുടെ ദൗർലഭ്യം വാറ്റുകാരെ ബാധിച്ചിട്ടുണ്ട്. ലിറ്ററിന് 1500- 2000 രൂപ വരെയാണ് ഈടാക്കുന്നത്. നാടൻ വാറ്റിൽ ആൽക്കഹോളിന്റെ അളവ് 60 ശതമാനത്തോളമുണ്ട്. സാധാരണ മദ്യത്തിൽ ഇന്ന് 40-45 ശതമാനമാണ്.

കൊവിഡ് കാലമായതിനാൽ വാറ്റുകാരെ പിടികൂടിയാൽ കൊവിഡ് ടെസ്റ്റിന് വിധേയമാക്കണം. നൂലാമാലകൾ ഉണ്ടെങ്കിലും അനധികൃത മദ്യനിർമ്മാണവും വില്പനയും എക്സൈസ്, പൊലീസ് ഉദ്യോഗസ്ഥർ പരമാവധി തടയുന്നുണ്ട്. ജില്ലയിൽ ഈ മാസം പിടിക്കപ്പെട്ട കേസുകളിൽ ഭൂരിഭാഗവും വീടുകൾ കേന്ദ്രീകരിച്ചുള്ള വാറ്റാണ്.
അരിഷ്ടങ്ങളിൽ മദ്യം ചേർത്ത് വിതരണം ചെയ്യുന്നതും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അരിഷ്ടങ്ങളിൽ സ്വാഭാവികമായിത്തന്നെ 12 ശതമാനം വരെ ആൽക്കഹോളിന്റെ അംശമുണ്ട്. കള്ളിൽ 8.1 ശതമാനത്തിൽ കൂടുതൽ വന്നാൽ അതും അനധികൃതമാകും.

ഓൺലൈൻ വാറ്റ്

ആധുനിക വാറ്റുപകരണങ്ങൾ ഓൺലൈനിൽ ലഭ്യമാണ്. 7,000- 12,000 രൂപയാണ് പ്രഷർ കുക്കർ മോഡലിലുള്ള വാറ്റ് സെറ്റിന്. ശാസ്ത്രീയമായി വാറ്റുന്ന വിധം വിശദീകരിക്കുന്ന യു ട്യൂബ് ക്ളാസുകളും ലഭ്യമാണ്. അനധികൃതമായി മദ്യം നിർമ്മിക്കാനുള്ള ഉപകരണങ്ങൾ ഓർഡർ ചെയ്ത് വാങ്ങുന്നതും കുറ്റകരമാണ്.

എക്സൈസ് കണക്ക് (മേയ്1-21)

 വാറ്റ് കേസ്............78

 പ്രതികൾ...............46

 ചാരായം...............80 ലിറ്റർ

 കോട......................7640 ലിറ്റർ

 വിദേശമദ്യം..........28 ലിറ്റർ

..................................

സ്വന്തം ആവശ്യത്തിനായി ചെറിയതോതിൽ വീട്ടിൽ വാറ്റിയാലും അനധികൃത മദ്യനിർമ്മാണത്തിന്റെ പരിധിയിൽ വരും. പത്തുവർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. വാറ്റുന്നവർ വളരെ അടുത്ത സുഹൃത്തുക്കൾക്കും മറ്റുമാണ് ഇവ കൈമാറുന്നതെന്നതെങ്കിൽ പിടിക്കപ്പെടാനും സാദ്ധ്യത വളരെ കുറവാണ്

(എക്സൈസ് അധികൃതർ)