ambala
പുന്നപ്ര തെക്കു പഞ്ചായത്തിൽ എട്ടാം വാർഡിൽ സീനത്ത് മൻസിലിൽ ഷുക്കൂറിൻ്റെ പ്രസവിക്കാൻ ദിവസങ്ങൾ മാത്രമുണ്ടായിരുന്ന പശു ചാകുകയും, മറ്റ് 2 പശുക്കൾക്ക് രോഗ ബാധ ഉണ്ടാകുകയും ചെയ്തതോടെ ഉപജീവനമാർഗം പ്രതിസന്ധിയിലായ ഷുക്കൂർ പശുക്കളോടൊപ്പം

അമ്പലപ്പുഴ: പുന്നപ്ര, അമ്പലപ്പുഴ മേഖലയി​ൽ രൂക്ഷമായി​ പടരുന്ന കുളമ്പുരോഗത്തെത്തുടർന്ന് നി​രവധി​ പശുക്കളും കി​ടാരി​കളും ചത്തു. കൊവി​ഡ് വ്യാപന സാഹചര്യത്തി​ൽ ഏക വരുമാന മാർഗവും ഇല്ലാതാകുന്നതോടെ കർഷകർ കടുത്ത ആശങ്കയി​ലാണ്.

. പുന്നപ്ര തെക്ക്, പുന്നപ്ര വടക്ക്, അമ്പലപ്പുഴ തെക്ക്, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിൽ കുളമ്പുരോഗ ബാധ വലി​യ തോതി​ലുണ്ട്. പുന്നപ്ര തെക്കിൽ 63 പശുക്കൾക്കും, അമ്പലപ്പുഴ വടക്കിൽ 100 ഓളം പശുക്കൾക്കും അമ്പലപ്പുഴ തെക്കിൽ 28 പശുക്കൾക്കും പുന്നപ്രയി​ൽ 11 കിടാരികൾക്കും ഒരു എരുമയ്ക്കും രോഗം ബാധിച്ചു.

പുന്നപ്ര തെക്കിൽ 2 പശുക്കളും അമ്പലപ്പുഴ വടക്കിൽ 2 പശുക്കളും 4 കിടാരികളും അമ്പലപ്പുഴ തെക്കിൽ 4 ഓളം പശുക്കളും ചത്തു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗോശാലയിലെ രണ്ടു പശുക്കളും കുളമ്പുരോഗത്തെ തുടർന്ന് ഏതാനും ദിവസം മുൻപ് ചത്തിരുന്നു. പുന്നപ്ര ചടച്ചിൽ പറമ്പിൽ രവിയുടെ പശുവും കഴിഞ്ഞ ദിവസം ചത്തു. സമീപത്തെ കൗസല്യ, ശാന്ത തുടങ്ങിയവരുടെ പശുക്കൾക്കും രോഗബാധ സ്ഥിരീകരിച്ചു.

ജേഴ്സി​ പശു ചത്തു, വരുമാന മാർഗം അടഞ്ഞ്

ഷുക്കൂറും കുടുംബവും

ഇന്നലെ പുന്നപ്ര തെക്കു പഞ്ചായത്തിൽ എട്ടാം വാർഡിൽ സീനത്ത് മൻസിലിൽ ഷുക്കൂറിന്റെ പ്രസവിക്കാറായ ജേഴ്സി ഇനത്തിൽപ്പെട്ട പശു രോഗം ബാധി​ച്ച ചത്തു. അര ലക്ഷം രൂപ വി​ല വരും. തൊഴുത്തിലെ മറ്റു രണ്ടു പശുക്കൾക്കും 1 കിടാരിക്കും രോഗബാധയുണ്ട്. കഴിഞ്ഞ 15 വർഷമായി ഷുക്കൂറിന്റെ പിതാവ് മുഹമ്മദ് അലി ക്ഷീരകർഷകനാണ്.ദിവസേന 12 ലിറ്ററോളം പാൽ അളന്നിരുന്ന ഷുക്കൂറിൻ്റെ കുടുംബത്തിൻ്റെ ഏക വരുമാനമാർഗമായിരുന്നു ഇത്. ഒരു പശു ചാകുകയും മറ്റ് പശുക്കൾക്ക് കുളമ്പുരോഗബാധയുണ്ടാകുകയും ചെയ്തതോടെ കുടുംബത്തിന്റെ ഏക വരുമാനമാർഗമാണ് ഇല്ലാതായത്. പോസ്റ്റുമാർട്ടത്തിന് ശേഷം എ.ഡി.ആർ.എഫ് അംഗങ്ങൾ എത്തി പശുവിനെ കുഴിച്ചിട്ടു. ഷുക്കൂറും എ.ഡി.ആർ.എഫ് അംഗമാണ്.

വാക്സി​നേഷൻ കുരുക്കാകുമോ?

രോഗബാധിക്കുന്നത് ക്ഷീര കർഷകരെ ഭീതിയിലാക്കിയിരിക്കുകയാണ്.പലരുടെയും ഉപജീവനമാർഗമാണ് ഇതോടെ നഷ്ടപ്പെടുന്നത്. വാക്സിനേഷൻ യഥാസമയം നടത്താതിരുന്നതാണ് കുളമ്പുരോഗ വ്യാപനത്തിന് കാരണമായി കർഷകർ പറയുന്നത്. വാക്സിനേഷൻ നൽകാത്തതുമൂലം ഇൻഷ്വറൻസ് പരിരക്ഷ ലഭിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. കൊവി​ഡ് വ്യാപനത്തെത്തുടർന്നാണ് വാക്സി​നേഷൻ യഥാസമയം നൽകാനാകാഞ്ഞത്.

..............................

കുളമ്പുരോഗനിർമ്മാർജനത്തിന് ദേശീയ വാക്സിനേഷൻ നയമാണ് ഇപ്പോൾ ഉള്ളത്.എൻ.എ.ഡി.സി.പിയുടെ വാക്സിനേഷൻ ഒരു വർഷമായി കൊവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിയിരിക്കുകയാണ്. റിംഗ് വാക്സിസിനേഷനും ആന്റി​ബയോട്ടിക് മരുന്നുകളും ഓയിൻമെന്റുകളും നൽകി രോഗത്തെ പ്രതിരോധിക്കുന്നുണ്ട്.

ഡോ.പി.രാജീവ് .പുന്നപ്ര

തെക്ക് മൃഗാശുപത്രി.

..................................

ഡോക്ടറെ നിയമിക്കണം

അമ്പലപ്പുഴ തെക്ക് മൃഗാശുപത്രിയിൽ അടിയന്തരമായി ഡോക്ടറെ നിയമിക്കണമെന്ന് ആമയിട ക്ഷീരോത്പാദക സഹകരണ സംഘം ഭരണസമിതി ആവശ്യപ്പെട്ടു. കന്നുകാലികളിൽ കുളമ്പു രോഗം ബാധിച്ചും കാലവർഷക്കെടുതിയും വെള്ളപ്പൊക്കവും മൂലം കർഷകർ ദുരിതമനുഭവിക്കുമ്പോൾ ഡോക്ടറുടെ സേവനം ലഭിക്കാത്തത് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാക്കുന്നു . കുളമ്പുരോഗം ബാധിച്ച കന്നുകാലികളുടെ ഉടമകൾക്കും കാലവർഷക്കെടുതിയിൽ നാശനഷ്ടമുണ്ടായ കർഷകർക്കൂം മതിയായ നഷ്ടപരിഹാരം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ കരുമാടി മുരളി അദ്ധ്യക്ഷത വഹിച്ചു, തോമസ് ജോസഫ്, ഇ. നാരായണൻ നമ്പൂതിരി, എൻ.പുരുഷോത്തമൻ നായർ, സി.സുരേന്ദ്രൻ, നിർമല നായർ, നിർമ്മല ദേവി, ഒ. ഓമന, രാജേഷ്. എം .എന്നിവർ സംസാരിച്ചു.