അമ്പലപ്പുഴ: തോട്ടപ്പള്ളി പൊഴിമുഖത്തെ കരി മണൽ കൊള്ള നിറുത്തിവെയ്ക്കണമെന്ന് അഖില കേരള ധീവരസഭ അമ്പലപ്പുഴ താലൂക്ക് പ്രസിഡന്റ് കെ.പ്രദീപ്, സെക്രട്ടറി ആർ.സജിമോൻ, കാർത്തികപ്പള്ളി താലൂക്ക് സെക്രട്ടറി അനിൽ ബി. കളത്തിൽ എന്നിവർ ആവശ്യപ്പെട്ടു. ഈ വർഷം പരമ്പരാഗതമായ രീതിയിൽ രണ്ടു ദിവസം കൊണ്ട് തോട്ടപ്പള്ളി പൊഴി മുറിക്കുകയും കുട്ടനാട്ടിലേയും അപ്പർകുട്ടനാട്ടിലേക്കും വെള്ളം ഒഴുകി പോകുകയും ചെയ്തിരുന്നു. വെള്ളം പൊങ്ങിയാൽ ഒഴുകി പോകുന്നതിന് പൊഴിമുഖം ഇപ്പോൾ സജ്ജമാണ്. വീയപുരം മുതൽ തോട്ടപ്പള്ളി സ്പിൽവേ ചാനൽ വരെ 12 കിലോമീറ്റർ ഭാഗം ആഴം വർദ്ധിപ്പിക്കാതിരുന്ന ഭരണകൂടമാണ് വെള്ളം ഒഴുക്കിന് തടസമുണ്ടാക്കുന്നത്. തോട്ടപ്പള്ളി പൊഴിയിൽ നിന്നു കഴിഞ്ഞ വർഷം കരിമണൽ സർക്കാർ ഒത്താശയോടെ കമ്പനികൾ കടത്തിക്കൊണ്ട് പോയതിനാൽ ഇത്തവണത്തെ കടൽക്ഷോഭത്തിൽ കടുത്ത നാശ നഷ്ടമാണ് തീരദേശ വാസികൾക്കുണ്ടായത്. മണൽ കൊള്ളയെ സംബന്ധിച്ച് ജില്ലയിൽ നിന്നുള്ളഫിഷറീസ് മന്ത്രി നിലപാട് വ്യക്തമാക്കണം.കഴിഞ്ഞ വർഷം തോട്ടപ്പള്ളിയിൽ നടന്ന കരിമണൽ ഖനനവിരുദ്ധ സമരത്തിൽ പങ്കെടുത്ത മന്ത്രി പി.പ്രസാദ് ഈ വിഷയത്തിൽ ഇടപെടണമെന്നും ധീവരസഭ നേതാക്കൾ ആവശ്യപ്പെട്ടു.