തുറവൂർ: എസ്.എൻ.ഡി.പി.യോഗം പറയകാട് 3015-ാം നമ്പർ ശാഖയിൽ യൂത്ത് മൂവ്മെന്റ് പ്രവർത്തകർ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി. കുത്തിയതോട് പഞ്ചായത്തിൽ കൊവിഡ് രോഗികളുടെ എണ്ണം കൂടിയതും 3ഉം 4 ഉം വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളാക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണിത്.
ആദ്യഘട്ടത്തിൽ ശാഖാതിർത്തിയിലെ 600 കുടുംബങ്ങൾക്ക് ഹോമിയോ പ്രതിരോധ മരുന്ന് വിതരണം ചെയ്യും. ചോറ്റാനിക്കര ഡോ.പടിയാർ മെമ്മോറിയൽ ഹോമിയോ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ. പറയകാട് നാലുകുളങ്ങര മഹാദേവീ ക്ഷേത്രത്തിലെ വൈദികർക്കും സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരിക്കും കൊവിഡ് പ്രതിരോധ ഹോമിയോ മരുന്ന് നൽകി ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് അജിത്ത് അശോകൻ, വൈസ് പ്രസിഡന്റ് അനിൽരാജ്, സെക്രട്ടറി മനുമോഹൻ, ജോ. സെക്രട്ടറി ശ്യാംലാൽ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.