മാവേലിക്കര: കൊവിഡ് വാക്‌സിൻ മുൻഗണനാ വിഭാഗത്തിൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ ഉൾപ്പെടുത്താത്ത സർക്കാർ നടപടിയിൽ കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ പ്രതിഷേധിച്ചു. കടുത്ത കൊവിഡ് രോഗികൾ ഉൾപ്പെടെയുള്ളവർ ആദ്യം എത്തുന്ന സ്ഥലം എന്ന നിലയ്ക്ക് ഫാർമസിസ്റ്റുകൾ ഉൾപ്പെടെയുള്ളവർക്ക് രോഗം വരാൻ സാദ്ധ്യത കൂടുതലാണ്. അതിനാൽ ഫാർമസിസ്റ്റുമാരെ വാക്‌സിൻ മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് വി.കെ.പ്രാബാഷ് ആവശ്യപ്പെട്ടു. അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉടൻ ആരംഭിക്കുന്ന എസ്.അബ്ദുൽ സലിം ഫൗണ്ടേഷൻ ജീവാമൃതം പെയിൻ ആൻഡ് പാലിയേറ്റീവ് ഫാർമ ബാങ്കിലേക്ക് അംഗങ്ങളിൽ നിന്നു ശേഖരിച്ച കൊവിഡ് സുരക്ഷാസാമഗ്രികളും മരുന്നുകളും ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ സെക്രട്ടറി എ.അജിത് കുമാർ, സംസ്ഥാന ഫാർമസി കൗൺസിൽ അംഗം നിമ്മി അന്ന പോൾ, പി.ഷാജു എന്നിവർ പങ്കെടുത്തു.