മാവേലിക്കര: എൻ.എസ്.എസിനെ ദുർബലപ്പെടുത്തുവാനും ജനറൽ സെക്രട്ടറിയെ അപകീർത്തിപ്പെടുത്താനും സമുദായത്തിന്റെ പേരിൽ നടത്തിയ കുത്സിത ശ്രമങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് മാവേലിക്കര താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ അറിയിച്ചു. ഇത്തരം ശ്രമങ്ങളെ സമുദായ സ്നേഹികൾ തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയണമെന്നും സംഭവത്തിൽ ശക്തമായ പ്രതിഷേധിക്കുന്നുവെന്നും യൂണിയൻ പ്രസിഡന്റ് കെ.എം.രാജഗോപാലപിള്ള, സെക്രട്ടറി എം.പി.മധുസൂദനൻ നായർ എന്നിവർ അറിയിച്ചു.

എൻ.എസ്.എസ് ജനറൽ സെക്രട്ടറിയുടെ കോലം കത്തിച്ച സംഭവത്തിൽ കരയോഗ ഭരണ സമതിക്ക് യാതൊരു ബന്ധവുമില്ലെന്ന് ചെട്ടികുളങ്ങര ഇരേഴ തെക്ക് 14-ാം നമ്പർ കരയോഗ ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു. ഒരു കൂട്ടം ആളുകൾ ജനറൽ സെക്രട്ടറിയെ അപകീർത്തിപ്പെടുത്തിയ സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് പ്രസിഡന്റ് പി.ആർ.ജയപ്രകാശ്, സെക്രട്ടറി വി.ചന്ദ്രശേഖരൻ നായർ എന്നിവർ അറിയിച്ചു.