ആലപ്പുഴ: കനത്ത മഴയിൽ ജില്ലയിലെ കുട്ടനാട് അടക്കമുള്ള കാർഷിക മേഖലയിലും കടലാക്രമണം മൂലം ദുരിതമനുഭവിക്കുന്ന തീരപ്രദേശങ്ങളിലെ മത്സ്യമേഖലയിലും ഉണ്ടായ നാശനഷ്ടങ്ങൾക്ക് ആനുപാതികമായി അടിയന്തര കേന്ദ്രസഹായം അനുവദിക്കണമെന്ന് എ.എം.ആരിഫ് എം.പി. കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള കേന്ദ്ര സഹായം ഗുജറാത്തിന് മാത്രമായി അനുവദിച്ചത് ഭരണഘടനയുടെ ഫെഡറൽ തത്വങ്ങൾക്ക് എതിരാണ്. ജനങ്ങൾ ദുരിതമനുഭവിക്കുന്ന വേളയിലെങ്കിലും സങ്കുചിത മനോഭാവം വെടിഞ്ഞ് കേരളമുൾപ്പടെയുള്ള എല്ലാ ദുരിതബാധിത സംസ്ഥാനങ്ങൾക്കും അർഹമായ സഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കയച്ച കത്തിൽ എം.പി ആവശ്യപ്പെട്ടു.