അമ്പലപ്പുഴ: പഞ്ചായത്ത് ഓഫീസിൽ വിതരണം ചെയ്ത കൊവിഡ് പ്രതിരോധ സാമഗ്രികകളുടെ വില നൽകാൻ വൈകിയെന്ന പേരിൽ വിതരണക്കാരൻ ഓഫീസിലെത്തി ജീവനക്കാരനെ മർദ്ദിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് സീനിയർ ക്ലർക്ക് ആലപ്പുഴ മണ്ണെഞ്ചേരി കീഴ്ചാറ്റ് വീട്ടിൽ ജിദീഷ് നാഥിനാണ് (40) മർദദനമേറ്റത്. ഇദ്ദേഹത്തെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 4.45 ഓടെ പഞ്ചായത്ത് സെക്രട്ടറിയുടെ മുറിയുടെ സമീപം വച്ചായിരുന്നു സംഭവം. ഫേസ് ഷീൽഡ്, മാസ്ക് തുടങ്ങിയവയുടെ വിതരണക്കാരനായ അമ്പലപ്പുഴ സ്വദേശിയാണ് മർദ്ദിച്ചത്. പഞ്ചായത്ത് ഓഫീസിൽ ഇയാൾ നൽകിയ സാമഗ്രികളുടെ പണം നൽകാൻ രണ്ടുദിവസം വൈകിയെന്ന് ആരോപിച്ചായിരുന്നു കയ്യേറ്റം. സംസാരിക്കുന്നതിനിടെ പ്രകോപിതനായി മർദ്ദിക്കുകയായിരുന്നുവെന്ന് ജിുീഷ് പൊലീസിനു നൽകിയ മൊഴിയിൽ പറയുന്നു. മറ്റു ജീവനക്കാർ എത്തിയപ്പോഴേക്കും ഓഫീസിൽ നിന്നിറങ്ങിയ പ്രതി ഓടി രക്ഷപ്പെട്ടു. അമ്പലപ്പുഴ എസ്.ഐ ഹാഷിമിൻറ്റെ നേതൃത്വത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി.