ഹരിപ്പാട്: വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തതിൽ സന്തോഷമുണ്ടെന്നും സതീശന് എല്ലാവിധ പിന്തുണയും നൽകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'ഹൈക്കമാൻഡ് തീരുമാനം എല്ലാവരും അംഗീകരിക്കും. വലിയ വെല്ലുവിളി നിറഞ്ഞ സാഹചര്യമാണ്. എല്ലാവരും യോജിച്ചു നിന്ന് പാർട്ടിയെയും യു.ഡി.എഫിനെയും ശക്തിപ്പെടുത്തേണ്ട സന്ദർഭം. അതിനായി കൂട്ടായ പരിശ്രമം വേണം. യു.ഡി.എഫിന്റെ തിരിച്ചുവരവിന് പാത ഒരുക്കുകയാണ് ലക്ഷ്യം. അതിനുവേണ്ടി പ്രവർത്തകരും നേതാക്കളും യു.ഡി.എഫിനെ സ്നേഹിക്കുന്ന ജനങ്ങളും ഒന്നിച്ചു നിൽക്കുക എന്നതാണ് പ്രധാനം. കെ.പി.സി.സിയിൽ അടക്കം പുനഃസംഘടന ഹൈക്കമാൻഡ് തീരുമാനിക്കും. പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള എന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തട്ടെ. സ്ഥാനം നഷ്ടപ്പെട്ടതിൽ നിരാശ ഇല്ല. പ്രതിപക്ഷ ധർമ്മം കൃത്യമായി നിർവഹിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഏതെങ്കിലും സ്ഥാനത്തിന്റെ പിന്നാലെ നടക്കുന്ന ആളല്ല ഞാൻ. ഉത്തരവാദിത്വം കൃത്യമായി നിർവഹിച്ചിട്ടുണ്ട്. അതിന് പിണറായി വിജയന്റെ സർട്ടിഫിക്കറ്റ് വേണ്ട. പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാൻ നേരത്തെ തീരുമാനിച്ചതാണ്. നേതാക്കളാണ് തുടരണമെന്ന ആവശ്യം ഉന്നയിച്ചത്-' ചെന്നിത്തല ഹരിപ്പാട്ട് പറഞ്ഞു.