അമ്പലപ്പുഴ: പണത്തി​നുമീതെ പരുന്തും പറക്കി​ല്ലെന്നത് പഴമൊഴി​. എന്നാൽ ആലപ്പുഴ മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ലെ സംഭവങ്ങൾ മനുഷ്യന്റെ പണത്തി​നോടുള്ള ആർത്തി​ക്ക് പുതി​യ വ്യാഖ്യാനങ്ങൾ നൽകുകയാണ്. കൊവി​ഡല്ല, മരണമല്ല എന്തി​നും തടുക്കാനാവി​ല്ല, മനുഷ്യന്റെ പണക്കൊതി​യെ എന്നു പറഞ്ഞാൽ ഒട്ടും തെറ്റി​ല്ല.

മെഡി​ക്കൽ കോളേജ് ആശുപത്രി​യി​ൽ അടുത്തി​ടെ കൊവി​ഡ് ബാധി​ച്ച് മരി​ച്ച നി​രവധി​ പേരുടെ സ്വർണാഭരണങ്ങളാണ് നഷ്ടമായത്. ഇതി​ൽ മൂന്ന് കേസുകൾ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനി​ൽ രജി​സ്റ്റർ ചെയ്തി​ട്ടുണ്ട്. ഇവയുടെ അന്വേഷണം ആരംഭി​ച്ചതായി​ പൊലീസ് അധി​കൃതർ പറഞ്ഞു. അഞ്ചോളം പരാതി​കളാണ് ഉയർന്നി​ട്ടുള്ളത്. പരാതി​പ്പെടാത്ത കേസുകൾ ഇതി​ലുമേറെ വരും.

കൊവിഡ് ബാധിച്ച് മരിച്ച ഹരിപ്പാട് നങ്ങ്യാർകുളങ്ങര സ്വദേശി സദാശിവന്റെ ഭാര്യ വത്സലകുമാരിയുടെ അറര പവന്റെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട വാർത്ത വന്നതോടെയാണ് കൂടുതൽ പേർ പരാതിയുമായി രംഗത്തെത്തിയത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ നാലര പവൻ താലിമാല, കമ്മൽ, ഒരു പവൻ വീതം വരുന്ന രണ്ട് വളകൾ എന്നിവ വത്സല ധരിച്ചിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ മരണശേഷം ഇതിൽ ഒരു വള മാത്രമെ തിരികെ ലഭിച്ചുള്ളു എന്നാണ് ആരോപണം. ഡോക്ടർമാരെ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. ഒരു വള മാത്രമെ തങ്ങളുടെ പക്കലുള്ളുവെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞതെന്നും സ്ത്രീയുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നു.

ഇവരുടെ പരാതിക്കു പിന്നാലെ അവലൂക്കുന്ന് സ്വദേശിനി ആനി ജോസഫിന്റെ ബന്ധുക്കളും പരാതി നൽകി. രണ്ടര പവന്റെ സ്വർണാഭരണങ്ങൾ നഷ്ടമായെന്നാണ് ഇവരുടെ പരാതി​. പട്ടണക്കാട് സ്വദേശിനി പ്രഭാവതിയുടെ മാല, കമ്മൽ ഇവ തിരികെ നൽകിയില്ലെന്നും വളകൾ മാത്രം തിരികെ നൽകിയെന്നുമാണ് മകൾ ഇന്ദു നൽകിയ പരാതിയിൽ പറയുന്നത്.ഹരിപ്പാട് സ്വദേശിനിയുടെ നാലായിരം രൂപ അടങ്ങിയ പഴ്സും മൊബൈൽ ഫോണും തിരികെ നൽകിയില്ലെന്ന പരാതിയും ലഭിച്ചിട്ടുണ്ടെന്ന് അമ്പലപ്പുഴ പൊലീസ് പറഞ്ഞു.

.......................................

സ്വർണം നഷ്ടപ്പെട്ടെന്ന പരാതി ലഭിച്ചിട്ടുണ്ട്. ആശുപത്രിക്കുള്ളിൽ അന്വേഷണം ആരംഭിച്ചു. പരാതികൾ അമ്പലപ്പുഴ പൊലീസിന് കൈമാറിയിട്ടുമുണ്ട്. കൂടാതെ വിവരം കളക്ടറെ അറിയിച്ചിട്ടുണ്ട്. ഏതുവി​ധ അന്വേഷണങ്ങളുമായും സഹകരിക്കും. സംഭവ ദിവസങ്ങളിൽ ജോലിയിലുണ്ടായിരുന്ന ജീവനക്കാരുടെ വിശദാശങ്ങൾ പൊലീസിന് നൽകിയി​ട്ടുണ്ട്.

സൂപ്രണ്ട് ഡോ.ആർ.വി.രാംലാൽ

....................

അന്വേഷണത്തി​ൽ കാലതാമസം വരും

ആശുപത്രിയിലെ കൊവിഡ് വാർഡുകളിലും ഐ.സി.യുവിലും ജോലി ചെയ്യുന്ന ജീവനക്കാർ വീടുകളിൽ പോകാറില്ല, ആശുപത്രിയിൽ തന്നെയാണ് താമസം. പിന്നീട് ഇവർ നിരീക്ഷണത്തിൽ ആകുമെന്നതിനാൽ കേസ് അന്വേഷണത്തിന് കാലതാമസം വരുമെന്ന് അമ്പലപ്പുഴ പൊലീസ് പറഞ്ഞു.

...........................