അമ്പലപ്പുഴ: അമ്പലപ്പുഴ മേഖലയിൽ കുടിവെള്ള വിതരണവും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും നടത്തി യൂത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള യൂത്ത് കെയർ പ്രവർത്തകർ ശ്രദ്ധേയരാകുന്നു. അമ്പലപ്പുഴ വടക്ക്, പുന്നപ്ര തെക്ക് പഞ്ചായത്തുകളിൽ കഴിഞ്ഞ 6 ദിവസമായി യൂത്ത് കെയർ നേതൃത്വത്തിൽ സഹായങ്ങൾ എത്തിക്കുന്നുണ്ട്. വടക്ക് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ കൊവിഡ് ബാധിച്ച് വീടുകളിൽ കഴിയുന്നവർക്ക് പച്ചക്കറി കിറ്റുകളും കൈമാറി. 12,000 ലിറ്റർ കുടിവെള്ളമാണ് ഇതിനോടകം വിതരണം ചെയ്തത്. നാനൂറോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിച്ചു. യൂത്ത് കോൺഗ്രസ് അമ്പലപ്പുഴ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി, ഷിത ഗോപിനാഥ്, ഷാജി ഉസ്മാൻ, വി.ആർ. രജിത്ത്, മുഹമ്മദ് പുറക്കാട്, വി.എസ്. സാബു, നെജിഫ് അരിശ്ശേരി, സജീർ, അഫ്സൽ, റമീസ്, ടി.എസ്. കബീർ, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് കുടിവെള്ളവും കിറ്റും വിതരണം ചെയ്യുന്നത്.