മാവേലിക്കര: ആശങ്കവേണ്ട, അരികിലുണ്ട് അദ്ധ്യാപകർ എന്ന സന്ദേശവുമായി കെ.എസ്.ടി.എ മാവേലിക്കര ഉപജില്ല കമ്മിറ്റി ഒന്നര ലക്ഷത്തോളം രൂപ മുടക്കി വാങ്ങിയ പൾസ് ഓക്‌സിമീറ്ററുകൾ വിതരണം ചെയ്തു. ഉപജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളിലും ഒരു നഗരസഭയിലുമായി 170 പൾസ് ഓക്സിമീറ്ററുകളാണ് കൈമാറുന്നത്. വാർഡ് ജാഗ്രതാ സമതികൾക്കുള്ള പൾസ് ഓക്സി മീറ്ററുകൾ കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് സി.ജ്യോതികുമാർ നിയുക്ത എം.എൽ.എ എം.എസ്.അരുൺകുമാറിന് കൈമാറി. തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ഷീല, കെ.എസ്.ടി.എ ഉപജില്ലാ സെക്രട്ടറി കെ.അനിൽകുമാർ, ജില്ലാ കമ്മിറ്റി അംഗം യു.ദീപ, ഉപജില്ലാ കമ്മിറ്റിയംഗം പി.ബിനു തുടങ്ങിയവർ പങ്കെടുത്തു. ഉപജില്ലയിലെ ചെട്ടികുളങ്ങര, തഴക്കര, ചെന്നിത്തല, തെക്കേക്കര, നൂറനാട്, ചുനക്കര, പാലമേൽ പഞ്ചായത്തുകളിലും മാവേലിക്കര നഗരസഭയിലുമായി 160 വാർഡുകളിലാണ് പൾസ് ഓക്‌സിമീറ്ററുകൾ എത്തിക്കുന്നത്. ഉപജില്ലയിലെ അദ്ധ്യാപകർ പൾസ് ഓക്സിമീറ്റർ ചലഞ്ചിലൂടെയാണ് ഇതിനുള്ള തുക സമാഹരിച്ചത്.