ചേർത്തല: തണ്ണീർമുക്കം ഇരുപതാം വാർഡ് മണവേലി വട്ടത്തറ അജയകുമാറിന്റെ വീടിന് നേരെ ഞായറാഴ്ച പുലർച്ചെ 12.30 ഓടെ അജ്ഞാതസംഘം ബോംബെറിഞ്ഞു. ജനൽ പാളിയുടെ ഭാഗം കത്തിക്കരിഞ്ഞു. ചില്ലുകളും തകർന്നിട്ടുണ്ട്.മുറ്റത്തു വച്ചിരുന്ന സ്‌കൂട്ടറും ഭാഗികമായി കത്തി നശിച്ചു. സ്ഥലത്ത് കുപ്പിയുടെ ചീളുകളും മണ്ണെണ്ണയുടെ ഗന്ധവുമുണ്ട്.
തീയാളുന്നത് കണ്ടാണ് വീട്ടുകാർ ഉണർന്നത്. ഉടൻ തന്നെ അണയ്ക്കാനായെങ്കിലും അക്രമികൾ രക്ഷപ്പെട്ടു. വിവരമറിയിച്ചതിനെത്തുടർന്ന് ചേർത്തല പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അരുമായും പ്രശ്‌നങ്ങളോ ശത്രുതയോ ഇല്ലെന്നാണ് അജയകുമാർ പറയുന്നത്. പെട്രോൾ ബോംബല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പ്രത്യേക പൊലീസ് സംഘം ശാസ്ത്രീയ തെളിവുകൾ ശേഖരിക്കും. വീടിന് മുന്നിൽ കെട്ടിയിട്ടിരുന്ന പട്ടിക്ക് നേരെ സാമൂഹ്യ വിരുദ്ധർ നടത്തിയ അക്രമമാകാമെന്നാണ് വിലയിരുത്തുന്നത്.