ചാരുംമൂട്: അർബുദ രോഗിക്കുള്ള അത്യാവശ്യ മരുന്നുകൾ അഗ്നിശമനസേനാംഗങ്ങൾ തിരുവനന്തപുരം ആർ.സി.സിയിൽ നിന്ന് എത്തിച്ചു നൽകി.
താമരക്കുളം പച്ചക്കാട് വിഷ്ണുഭവനത്തിൽ വിജയന്റെ ഭാര്യ രതിക്കുള്ള (43) മരുന്നുകളാണ് മാവേലിക്കര അഗ്നിശമന സേനാംഗങ്ങൾ വീട്ടിലെത്തിച്ചത്.
സ്ഥിരമായി കഴിക്കുന്ന മരുന്നിനായി ആർ.സി.സി യിൽ പോകാൻ കഴിയാതെ വന്നതോടെയാണ് പൊതുപ്രവർത്തകനായ റെനി തോമസ് വിവരം മാവേലിക്കര ഫയർ സ്റ്റേഷൻ ഓഫീസർ എസ്.താഹയെ അറിയിച്ചത്. തുടർന്നാണ് മരുന്ന് എത്തിക്കാനുള്ള ക്രമീകരണങ്ങൾ നടന്നത്. ഇന്നലെ വൈകിട്ട് 3 മണിയോടെ കായംകുളം യൂണിറ്റ് ഉദ്യേഗസ്ഥരായ രഞ്ജിത്ത്, ബാലചന്ദ്രൻ എന്നിവർ മരുന്നുമായെത്തി രോഗിക്ക് കൈമാറി. റെനി തോമസും സന്നദ്ധ പ്രവർത്തകരായ ഷാജി, അഭിലാഷ്, അച്ചു എന്നിവരും നൂറനാട് പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്നു. സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ
ഇടപെടലിനെത്തുടർന്ന് യൂത്ത് കോ-ഓർഡിനേറ്ററായ ഷെറിൻ ഇവർക്ക് ആവശ്യമായ മറ്റൊരു മരുന്ന് കഴിഞ്ഞ ദിവസം വീട്ടിൽ എത്തിച്ചു നൽകിയിരുന്നു.