കായംകുളം: നഗരസഭയിൽ കൊവിഡിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ് ഭരണ നേതൃത്വമെന്ന് ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ഡി. അശ്വിനീ ദേവ് ആരോപിച്ചു.
നഗരസഭയുടെ പണമുപയോഗിച്ച് ഡി.വൈ.എഫ്.ഐയുടെ ബാനർ വച്ച വാഹനങ്ങളിൽ ജനങ്ങളെ കൊവിഡ് ടെസ്റ്റിന് കൊണ്ടുവരുന്നത് ശരിയല്ല.
വോളണ്ടിയർമാരായി തങ്ങൾക്ക് വേണ്ടപ്പെട്ടവരെ നിയമിച്ച് കൊവിഡ് ബാധിതർക്കുള്ള സേവനങ്ങൾ കൂടെ നിൽക്കുന്നവർക്ക് നൽകുന്ന നടപടി തികച്ചും അനീതിയാണ്.ക്വാറന്റൈനിൽ കഴിയുന്നവർക്ക് പരിതാപകരമായി ഭക്ഷണം നൽകി പട്ടിണിക്കാരെ പരിഹസിക്കുകയാണ്.
ഇടതുപക്ഷ കൗൺസിലർമാരുടെ മാത്രം വാർഡുകളിലാണ് ശുചീകരണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പരാതിയുണ്ട്. വാക്സിനേഷന് ടോക്കൺ നൽകുന്നതിലും ഈ വിവേചനമുണ്ട്. കൗൺസിലർമാരെ തരംതിരിച്ചു കാണുന്ന നഗരസഭാ ഭരണ നേതൃത്വത്തിന്റെ രാഷ്ട്രീയക്കളി അവസാനിപ്പിക്കുന്നില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് ബി.ജെ.പി മുന്നറിയിപ്പ് നൽകി.