s

സംശയനിവാരണത്തിന് പ്രതിദിനം വിളിക്കുന്നത് ആയിരങ്ങൾ

ആലപ്പുഴ: കൊവിഡ് പ്രതിരോധ വാക്സിനു വേണ്ടി രജിസ്റ്റ‌ർ ചെയ്യുന്നവർക്കൊപ്പം തന്നെ വാക്സിനേഷൻ സംബന്ധിച്ച സംശയങ്ങളുമായി ജില്ലാ ഹെൽപ്പ്ലൈൻ നമ്പരുകളിലേക്ക് ദിവസേന വിളിക്കുന്നവരുടെ എണ്ണവും കൂടുന്നു. ലക്ഷണങ്ങളുണ്ടായിരുന്ന സമയത്ത് പരിശോധന നടത്താതെ വീട്ടിൽ വിശ്രമിക്കുകയും രണ്ടുമൂന്ന് ആഴ്ചയ്ക്കു ശേഷം പരിശോധിച്ചപ്പോൾ നെഗറ്റീവ് ആകുകയും ചെയ്തവരാണ് കുത്തിവയ്പ് എടുക്കാമോ എന്ന കാര്യത്തിൽ ആശങ്കപ്പെട്ടു നിൽക്കുന്നത്.

കൊവിഡ് ബാധിച്ചവർക്ക് വാക്സിൻ എടുക്കാവുന്ന കാലാവധി സംബന്ധിച്ച് വിവിധ ഘട്ടങ്ങളിൽ മാറ്റം വന്നതും പൊതുജനത്തിനിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. കൊവിഡ് ബാധിതനായ ഒരാൾക്ക് നെഗറ്റീവ് ആയി ഒരു മാസത്തിന് ശേഷം വാക്സിൻ സ്വീകരിക്കാമെന്നായിരുന്നു ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് ആദ്യം വന്ന നിർദ്ദേശം. ഇത് പിന്നീട് മൂന്ന് മാസമാക്കി. ഇതിനിടെ, കൊവിഡ് നെഗറ്റീവ് ആയി 6 മാസത്തിന് ശേഷം പ്രതിരോധ കുത്തിവെയ്പ്പ് എടുത്താൽ മതിയെന്ന ശുപാ‌ർശ വന്നത് ജനങ്ങൾക്കിടയിൽ അടുത്ത ആശയക്കുഴപ്പമായി. കൂടാതെ ഓൺലൈൻ രജിസ്ട്രേഷൻ, സ്ലോട്ട് ലഭ്യത, സർട്ടിഫിക്കറ്റ് ലഭ്യത തുടങ്ങിയ സംശയങ്ങൾക്കും നിരവധിപ്പേർ വിളിക്കുന്നുണ്ട്.

ലക്ഷണങ്ങളുണ്ടായിരുന്ന സമയം പരിശോധിക്കാതെ പിന്നീട് നെഗറ്റീവായവർ ആന്റിബോഡി പരിശോധന നടത്തിയാൽ കൊവിഡ് വന്നുപോയോ എന്നറിയാനാവും. വന്നിട്ടുണ്ടെങ്കിൽ ഇവരും മൂന്നു മാസത്തിനു ശേഷം വാക്സിൻ സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഡോക്ടർമാർ പറയുന്നു.

കൊവിഡ് പോസിറ്റീവാണെന്ന് പരിശോധനയിൽ വ്യക്തമായവർ മൂന്ന് മാസത്തിന് ശേഷം വാക്സിൻ സ്വീകരിച്ചാൽ മതിയെന്നാണ് നിലവിൽ ഐ.സി.എം.ആറിന്റെ നിർദ്ദേശം. ഇവരുടെ ശരീരത്തിൽ ആന്റിബോഡി നിലനിൽക്കുന്നതിനാൽ ഇക്കാലയളവിൽ വാക്സിൻ സ്വീകരിക്കുന്നത് കൊണ്ട് പ്രയോജനം ലഭിക്കില്ല. സാധാരണ പനിയോ മറ്റ് അസുഖങ്ങളോ ഉണ്ടായിരുന്നവർക്ക് ലക്ഷണങ്ങൾ പൂർണമായി മാറുന്ന മുറയ്ക്ക് കുത്തിവെയ്പ്പ് എടുക്കുന്നതിൽ തടസമില്ല. വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ ഡോക്ടറുടെ സ്ക്രീനിംഗിന് ശേഷമാണ് ഓരോരുത്തരെയും കുത്തിവെയ്പ്പിന് പ്രവേശിപ്പിക്കുന്നത്. അല‌ർജിയോ, മറ്റ് ലക്ഷണങ്ങളോ ഉള്ളവർക്ക് വാക്സിൻ നൽകില്ല.

'അമ്മ വാക്സിൻ'

മുലയൂട്ടുന്ന അമ്മമാ‌ർക്കും വാക്സിൻ സ്വീകരിക്കാം. ധാരാളം പേ‌ർ അവസരം പ്രയോജനപ്പെടുത്തുന്നുമുണ്ട്. എന്നാൽ ഗർഭിണികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ചുള്ള മാർഗനി‌ർദേശങ്ങൾ ഇനിയും വന്നിട്ടില്ല.

നെട്ടോട്ടം

കഴിഞ്ഞ മാ‌ർച്ചിലാണ് വാക്സിനേഷൻ ആരംഭിച്ചത്. ആദ്യ ഘട്ടം മുതൽ ഏപ്രിൽ പകുതി വരെ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണം പൊതുവേ കുറവായിരുന്നു. എന്നാൽ ഏപ്രിൽ അവസാനത്തോടെ സ്ഥിതി മാറി. ആദ്യ സമയം വാക്സിൻ ലഭ്യമായിട്ടും മുഖം തിരിച്ച് നിന്നവ‌ർ വാക്സിനു വേണ്ടി നെട്ടോട്ടമോടുന്ന അവസ്ഥയാണിപ്പോൾ.

....................

ദിവസവും സംശയങ്ങളുമായി ധാരാളം പേർ വിളിക്കുന്നുണ്ട്. ആരോഗ്യമന്ത്രാലയം പുറപ്പെടുവിക്കുന്ന മാർഗനി‌ർദേശങ്ങളിൽ ഇടയ്ക്കിടെ മാറ്റം വരുന്നത് പൊതുജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം വരുത്തുന്നുണ്ട് എന്നാണ് മനസിലാക്കുന്നത്

ഹെൽപ്പ് ലൈൻ ആരോഗ്യ പ്രവർത്തകർ