മാവേലിക്കര: സേവാഭാരതി തെക്കേക്കര പഞ്ചായത്ത് സമിതി തെക്കേക്കരയിൽ സഞ്ചരിക്കുന്ന കൊവിഡ് കെയർ യൂണിറ്റ് ആരംഭിച്ചു. വൈദ്യസഹായം, മരുന്ന് വിതരണം, ഭക്ഷണ വിതരണം, അണുനശീകരണം തുടങ്ങിയ സൗകര്യങ്ങളുണ്ട്. അത്യാവശ്യ സന്ദർഭങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കുക, കൊവി​ഡ് ടെസ്റ്റ് നടത്താൻ വാഹനസഹായം, രോഗം ഭേദമായവരുടെ വീടുകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കുക, കൊവിഡ് രോഗികളുടെ ഭവനങ്ങളിൽ മരുന്നും ഭക്ഷണവും എത്തിക്കുക തുടങ്ങിയ സൗജന്യ സേവനങ്ങളാണുള്ളത്.

മൊബൈൽ കെയർ യൂണിറ്റ് ഉദ്ഘാടനം ആർ.എസ്.എസ് മാവേലിക്കര ഖണ്ഡ് കാര്യവാഹക് ജി.കെ.ബിജു നി​ർവഹി​ച്ചു.

സേവാഭാരതി പഞ്ചായത്ത് ജനറൽ സെക്രട്ടറി വി.ശിവരാജൻ അദ്ധ്യക്ഷനായി. ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം വിനോദ് ഉമ്പർനാട്, ഹിന്ദു ഐക്യവേദി നേതാക്കളായ പി.പൃഥ്വിരാജ്, ആർ.രാജേഷ് കുമാർ, ബി.ജെ.പി നേതാക്കളായ വിനീത്, അഭിലാഷ്, ആർ.എസ്.എസ് മണ്ഡൽ കാര്യകർത്താക്കളായ അതുൽ കുമാർ, മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.