a

മാവേലിക്കര: മലങ്കര ഓർത്തഡോക്സ്‌ സഭയിലെ സീനിയർ വൈദികനും അദ്ധ്യാപകനും ശൂരനാട് മൗണ്ട് സീയോൻ ആശ്രമാധിപനുമായ ഫാ.കെ.സി.ശാമുവേൽ (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ശൂരനാട് മൗണ്ട് സീയോൻ ആശ്രമ ചാപ്പലിൽ. കളയ്ക്കാട്ട് കുറ്റിയിൽ കോശിയുടേയും അക്കാമയുടെയും മകനാണ്. 1954 ൽ ശാസ്താംകോട്ട റെസിഡൻഷ്യൽ ഹൈസ്കൂളിൽ അദ്ധ്യാപകനായി പ്രവേശിച്ച് 36 വർഷത്തെ സേവനത്തിന് ശേഷം ഹെഡ്മാസ്റ്ററും, പുരോഹിതനുമായി 1990ൽ വിരമിച്ചു. വൈദിക സേവനത്തിൽ നിന്ന് യാതൊരു പ്രതിഫലം പറ്റാതെ അദ്ധ്യാപക വൃത്തിയിൽനിന്നുള്ള വരുമാനംകൊണ്ട് ഒട്ടനവധി ദേവാലയങ്ങൾ സ്ഥാപിക്കുകയും നിശബ്ദമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.

ശാസ്താംകോട്ട എം.എം.സി.പി.എം ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ, മാവേലിക്കര പുതിയകാവ് സെന്റ്‌ മേരീസ് കത്തീഡ്രൽ പബ്ലിക് സ്കൂൾ, ശാസ്താംകോട്ട മാർ തേവോദോസ്യോസ് മിഷൻ ആശുപത്രി എന്നീ സ്ഥാപനങ്ങളുടെ ദീർഘകാല അഡ്മിനിസ്ട്രേറ്റർ, ഡോ.സി.ടി. ഈപ്പൻ ട്രസ്റ്റ് അംഗം, മൗണ്ട് ഹോറേബ് ആശ്രമാംഗം, മാർ ബസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിദീയൻ എൻജീനിയറിംഗ് കോളേജ് ഗവേണിംഗ് ബോർഡ്‌ അംഗം, ശൂരനാട് ബസലേൽ കോൺവെന്റ് ചാപ്ലിൻ എന്നീ നിലകളിൽ പ്രവർത്തിച്ചു.