nurse

ദൈവത്തിന്റെ സ്വന്തം മാലാഖമാരെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന കാലം. മഹാമാരിക്കാലത്ത് സാന്ത്വനത്തിന്റെയും ആശ്വാസത്തിന്റെയും കിരണങ്ങളായി അവർ ദിവസത്തിന്റെ ഭൂരിഭാഗം സമയവും കർമ്മനിരതരാണ്. ജീവിതത്തിലെ കഷ്‌ടപ്പാടുകളും ദു:ഖങ്ങളും മനസിലൊതുക്കിയാണ് ആതുരസേവനം. ഒന്നുമില്ലായ്മയിൽ നിന്ന് പഠനത്തിനായി കിടപ്പാട‌ം പോലും പണയപ്പെടുത്തിയാണ് പലരും ഈ രംഗത്തേക്ക് എത്തിയത്. ഉയർന്ന ശമ്പളത്തിനായി വിദേശങ്ങളിലേക്ക് പോകുകയെന്നത് അവരുടെ സ്വപ്‌നമാണ്. കടം വീട്ടുകയെന്ന ആഗ്രഹമായിരിക്കും മനസുനിറയെ. എവിട‌െ നിന്നെങ്കിലും കടം വാങ്ങിയ പണം റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് നൽകുമ്പോൾ പ്രതീക്ഷകളുടെ പൂക്കാലമാണ്. എന്നാൽ, ജോലിത്തട്ടിപ്പുകളുടെ പ്രധാന മേഖലയായി നഴ്സിംഗ് മാറി. വാഗ്ദാനം ചെയ്‌ത ജോലിയും ശമ്പളവുമില്ലാതെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ മാലാഖമാർ വിദേശങ്ങളിൽ ദുരിത ജീവിതം നയിക്കുകയാണ്. ഈ തട്ടിപ്പുകൾക്ക് അറുതി വരുത്തേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. കുവൈറ്റ് ആരോഗ്യമന്ത്രാലയത്തിലേക്ക് നഴ്സിംഗ് റിക്രൂട്ട്മെന്റ് നടത്തി 300 കോടിയിലധികം രൂപ തട്ടിയെടുത്ത ഉതുപ്പ് വർഗീസുമാരുടെ വിഹാരകേന്ദ്രമാണ് കേരളമെന്ന് ഉദ്യോഗാർത്ഥികളും ഓർക്കണം.

ദുബായിൽ നഴ്സിംഗ് ജോലികൾ വാഗ്‌ദാനം ചെയ്‌ത് കോടികൾ തട്ടിയ കേസിൽ എറണാകുളത്തെ റിക്രൂട്ട്മെന്റ് ഉടമയും കൂട്ടാളികളും അറസ്‌റ്റിലായതോടെയാണ് ചൂഷണം വീണ്ടും ചർച്ചയാകുന്നത്. സർക്കാർ സർവീസിൽ സ്ഥിരം ജോലി വാഗ്‌ദാനം നൽകിയ ശേഷം ഉദ്യോഗാർത്ഥികളെ വിസിറ്റിംഗ് വിസയിലാണ് ദുബായിലെത്തിച്ചത്. രണ്ടര മുതൽ മൂന്നര ലക്ഷം രൂപ വരെ നൽകിയ 500 ലധികം പേരാണ് തട്ടിപ്പിനിരയായത്. രണ്ടു മാസം കഴിഞ്ഞിട്ട‌ും ജോലി ലഭിക്കാത്ത യുവതികൾ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നൽകിയ പരാതിയിലാണ് പ്രതികൾ കുടുങ്ങിയത്. മുഖ്യപ്രതിയായ ഫിറോസ് ഖാൻ സമാനമായ കേസിൽ നേരത്തെയും പി‌ടിയിലായിട്ടുണ്ടെന്നത് വിശദമായി പരിശോധിക്കേണ്ടതാണ്. നേരത്തെ അറസ്‌റ്റിലായ കേസിൽ ജാമ്യത്തിലിറങ്ങി സ്ഥാപനത്തിന്റെ പേര് മാറ്റിയാണ് പുതിയ തട്ടിപ്പിന് കളമൊരുക്കിയത്. ശക്തമായ നിയമ സംവിധാനമുള്ള ഈ നാട്ടിൽ ഇത്തരത്തിലുള്ള തട്ടിപ്പ് എങ്ങനെ നടക്കുന്നു എന്നതിനെക്കുറിച്ച് പ്രത്യേക ഏജൻസി തന്നെ അന്വേഷിക്കണം.

കൊവിഡ് വാക്സിൻ നൽകാൻ നഴ്സുമാരെ ആവശ്യമുണ്ടെന്ന് പരസ്യം നൽകിയാണ് ഉദ്യോഗാർത്ഥികളെ ആകർഷിച്ചത്. ദുബായിൽ എത്തിയതോടെയാണ് തങ്ങൾ കബളിക്കപ്പെട്ടെന്ന് നഴ്സുമാർക്ക് മനസിലായത്. എല്ലാവർക്കും മൂന്നു മാസത്തെ വിസിറ്റിംഗ് വിസയാണ് നൽകിയത്. ജോലിയോ താമസിക്കാൻ ഭേദപ്പെട്ട സൗകര്യങ്ങളോ ഇല്ലായിരുന്നു. അവിടുത്തെ ഏജന്റുമാരോട് കാര്യങ്ങൾ തിരക്കിയപ്പോൾ കൊവിഡ് വാക്സിൻ നൽകുന്ന ജോലി അവസാനിച്ചെന്നായിരുന്നു മറുപടി. ഹോംനഴ്സ്, കെയർ ടേക്കർ തുടങ്ങിയ ജോലികൾ ചെയ്യാൻ നിർബന്ധിക്കുകയും ചെയ്‌തു. ജോലി ചെയ്യാത്തവരോട് മടങ്ങിപ്പോകാനായിരുന്നു ഏജന്റുമാരുടെ നിർദ്ദേശം. പണം മടക്കി ചോദിച്ചവർക്ക് ഭീഷണിയും നേരിടേണ്ടി വന്നു.

നഴ്സിംഗ് തട്ടിപ്പിന് ഓരോ തവണയും പുതിയ മാർഗങ്ങളാണ് പരീക്ഷിക്കപ്പെടുന്നത്. ഗൾഫ് രാജ്യങ്ങളിൽ ജോലിയുണ്ടെന്ന് വിശദീകരിച്ച് സോഷ്യൽ മീഡിയയിൽ പരസ്യം നൽകുന്നതാണ് പുതിയ രീതി. ബന്ധപ്പെടുന്നവരോട് ബയോഡേറ്റ ഇ - മെയിൽ ചെയ്യാൻ നിർദ്ദേശിക്കും. യഥാർത്ഥത്തിൽ തട്ടിപ്പുകാർ പറയുന്ന ആശുപത്രിയിൽ ആ സമയം നഴ്സിംഗ് റിക്രൂട്ട്മെന്റ് നടക്കുന്നുണ്ടാകും. ബയോഡേറ്റ അയയ്‌ക്കുന്നവരോട് ഒഴിവ് നികത്തി എന്നാകും ആദ്യം അറിയിക്കുക. എന്തെങ്കിലും ഒഴിവ് വന്നാൽ അറിയിക്കാമെന്നും പറയും. ഇത് വിശ്വാസം നേടിയെടുക്കാനുള്ള തന്ത്രമാണെന്ന് തുടക്കത്തിൽ ഉദ്യോഗാർത്ഥികൾക്ക് മനസിലാകില്ല. പിന്നീട് ഒഴിവുണ്ടെന്ന് പറഞ്ഞ് മൊബൈലിലേക്ക് കോൾ എത്തും. ബയോഡേറ്റ പരിശോധിച്ചാണ് യോഗ്യത ഉറപ്പാക്കിയതെന്ന് അറിയിക്കും. ബയോഡേറ്റയിലെ യോഗ്യത അനുസരിച്ചായിരിക്കും തട്ടിപ്പ് സംഘം കെണിയൊരുക്കുക. ഉടനെ പണം നൽകണമെന്നും മറ്റുള്ളവർ കാത്തുനിൽക്കുകയാണെന്നും പറയുന്നതോടെ ഉദ്യോഗാർത്ഥികൾ ചോദിക്കുന്ന പണം കൈമാറും. പണം ലഭിച്ച് കഴിഞ്ഞാൽ ഇവരെക്കുറിച്ച് ഒരറിവുമുണ്ടാകില്ല. നഴ്സിംഗ് ജോലിയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ കണ്ട് എടുത്ത് ചാടുന്നതിന് മുമ്പ് ഉദ്യോഗാർത്ഥികൾ സ്ഥാപനത്തെക്കുറിച്ച് നിർബന്ധമായും വിശദ അന്വേഷണം നടത്തണം.വിശദാന്വേഷണത്തിൽ ഒരു പരിധി വരെ തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാം.

റിക്രൂട്ട്മെന്റ് ഏജന്റുമാർ തട്ടിപ്പിനായി വിരിക്കുന്ന വലയ്ക്ക് പിന്നിലെ കണ്ണികൾ ഉന്നതരാണ്. എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ മുതൽ പട്ടിക നീളും. ഈ തട്ടിപ്പിന് അറുതി വരുത്താൻ അന്വേഷണ ഏജൻസികൾ മാത്രം വിചാരിച്ചാൽ നടക്കില്ല. കേന്ദ്ര - സംസ്ഥാന സർക്കാരുകൾ വിഷയം ഗൗരവമായി കാണുകയും ഉചിത നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടത്.

ചതിക്കുഴിയിൽ ചാടല്ലേ...

1. യു.എ.ഇ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ ജോലിക്ക് അപേക്ഷിക്കുമ്പോൾ കമ്പനി പ്രതിനിധികളുമായി നേരിട്ട് സംസാരിക്കാൻ ശ്രദ്ധിക്കുക. പ്രധാനപ്പെട്ട എല്ലാ കമ്പനികളുടെയും വെബ്‌സൈറ്റുകളിൽ കരിയേർസ് ലിങ്ക് കാണാം. അതിൽ നിന്ന് ഇ - മെയിലോ, ഫോൺ നമ്പറോ വഴി പ്രതിനിധികളെ ബന്ധപ്പെടാം. അല്ലെങ്കിൽ കമ്പനി കോൾ സെന്ററുകളിൽ ബന്ധപ്പെടാം.

2. ജോലിക്ക് യു.എ.ഇയിലേക്ക് വരണമെങ്കിൽ ഔദ്യോഗികമായി ഒപ്പുവയ്ക്കപ്പെട്ട ഓഫർ ലെറ്റർ ലഭിക്കണം. അതിന് ആദ്യം ടെക്‌നിക്കൽ വിഭാഗത്തിന്റെയും എച്ച്.ആർ വിഭാഗം നടത്തുന്ന ഇന്റർവ്യൂകളും പാസാവണം.

3. ഓഫർ ലെറ്റർ ലഭിച്ചാലും ജോലിയിൽ പ്രവേശിക്കാൻ എംപ്ലോയ്‌മെന്റ് വിസ വേണം. അതിന് മുമ്പ് തൊഴിൽ മന്ത്രാലയത്തിന്റെ ഓഫർ ലെറ്റർ ലഭിക്കും. ഇത് ലഭ്യമായാൽ മാത്രമേ എംപ്ലോയ്‌മെന്റ് വിസയ്ക്കുള്ള യോഗ്യതയാവുന്നുള്ളൂ. ഇതെല്ലാം പൂർത്തിയായാലേ പൂർണമായും വിശ്വാസയോഗ്യമായ ജോലി ലഭിച്ചെന്ന് സ്ഥിരീകരിക്കാനാവൂ.

4. അഭിമുഖമോ, വിശ്വസനീയമായ ഓഫർ ലെറ്ററോ ഇല്ലാതെ ഏജൻസി മുഖേന നൽകുന്ന ജോലി വാഗ്ദാനം കണ്ണടച്ചു വിശ്വസിക്കരുത്.

5. ഇടനിലക്കാരെ പരമാവധി ഒഴിവാക്കി നേരിട്ട് സ്ഥാപനവുമായി ബന്ധപ്പെട്ട് വിവരങ്ങൾ സ്ഥിരീകരിക്കുക.

അമ്പിളി അവരിൽ ഒരാൾ മാത്രം

കഴിഞ്ഞ മൂന്നു മാസമായി യു.എ.ഇയിൽ അനിശ്ചിതത്വത്തിന്റെ നടുക്കട‌ലിലായിരുന്നു കോട്ടയം സ്വദേശിയായ എം.ബി.അമ്പിളി. കേരളത്തിൽ ഏഴുവർഷമായി സർജിക്കൽ വാർഡിൽ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. യു.എ.ഇയിൽ കുടുങ്ങിയതോടെ നഴ്‌സുമാരുടെ ദുരവസ്ഥ മനസിലാക്കിയ യു.എ.ഇയിലെ ഏറ്റവും വലിയ മെഡിക്കൽ ഗ്രൂപ്പുകളിലൊന്നായ വി.പി.എസ് ഹെൽത്ത്‌കെയർ കൈത്താങ്ങായി. 41 ആരോഗ്യപ്രവർത്തകർക്ക് വി.പി.എസ് ഹെൽത്ത്‌ കെയറിന് കീഴിലുള്ള ദുബായ്, ഷാർജ, അബുദാബി എമിറേറ്റുകളിലെ ആശുപത്രികളിൽ ജോലി നൽകി.
റിക്രൂട്ട്‌മെന്റ് ഏജൻസിക്ക് നൽകിയ രണ്ടു ലക്ഷം രൂപയിൽ ഒരു രൂപ പോലും തിരിച്ചു തന്നിട്ടില്ലെന്ന് അമ്പിളി പറയുന്നു. ഏജന്റിന് പണം നൽകാൻ ഏർപ്പാടാക്കിയ തുക തിരികെ നൽകാൻ കുടുംബം പാടുപെടുന്നതിനിടെ വെറുംകൈയോടെ നാട്ടിലേക്ക് മടങ്ങാൻ കഴിയില്ല. അതുകൊണ്ടു തന്നെ ഈ ജോലി വലിയ ആശ്വാസമാണ്. മെഡിക്കൽ ലൈസൻസ് നേടാനുള്ള നടപടികൾ വൈകാതെ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. താമസവും ഭക്ഷണവും സഹിതം പ്രതിമാസം 4,500 ദിർഹം നൽകുമെന്നാണ് റിക്രൂട്ട്‌മെന്റ് കമ്പനി വാഗ്ദാനം ചെയ്തത്. ക്വാറന്റൈൻ കഴിഞ്ഞാൽ വാക്‌സിനേഷൻ കേന്ദ്രത്തിൽ ജോലി ലഭിക്കും. ലൈസൻസ് പ്രശ്‌നമില്ലെന്നും വ്യക്തമാക്കി. എന്നാൽ 20 ദിവസത്തിന് ശേഷം ചോദിച്ചപ്പോൾ അവർക്ക് ജോലിയെക്കുറിച്ച് ഒന്നും പറയാനില്ല. അതിനാൽ ഞങ്ങൾ സ്വന്തമായി വി.പി.എസ് ഹെൽത്ത് കെയറിനും മറ്റ് ഗ്രൂപ്പുകൾക്കും അപേക്ഷ നൽകുകയായിരുന്നുവെന്നും അമ്പിളി വ്യക്തമാക്കി.