ചേർത്തല : മത്സ്യസമ്പത്തിന്റെ സംരക്ഷണാർത്ഥം ജൂൺ ഒന്ന് മുതൽ 90 ദിവസത്തെ ട്രോളിംഗ് നിരോധനം നടപ്പാക്കണമെന്ന് കേരള സ്വതന്ത്റ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം 51 ദിവസത്തെ ട്രോളിംഗ് നിരോധനം സംസ്ഥാനത്ത് നടപ്പാക്കിയിരുന്നു. കേരളം പിൻതുടർന്നുപോന്ന 45 ദിവസത്തെ ട്രോളിംഗ് നിരോധനത്തിൽ 6 ദിവസത്തെ വർദ്ധനവ് വരുത്തിയത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. ട്രോളിംഗ് ബോട്ടുകളുടെ അശാസ്ത്രീയ മത്സ്യബന്ധനവും, വ്യാപക മലിനീകരണവും കടലിന്റെ ആവാസവ്യവസ്ഥയെ തകർക്കുകയാണ്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് പോകുന്നഘട്ടത്തിൽ സുസ്ഥിര മത്സ്യ ബന്ധനം സാദ്ധ്യമാക്കാൻ മത്സ്യസമ്പത്തിന്റെ സംരക്ഷണം അനിവാര്യമാണ് .യന്ത്റവൽകൃത മേഖലയെക്കൂടി വിശ്വാസത്തിലെടുത്ത് സംസ്ഥാനത്ത് 90 ദിവസം ട്രോളിംഗ് നിരോധനം നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് സ്വതന്ത്റ മത്സ്യതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജാക്‌സൺ പൊള്ളയിൽ, സെക്രട്ടറി അബ്ദുൾ റസാക്ക് , ജില്ലാ പ്രസിഡന്റ രാജു ആശ്രയം സെക്രട്ടറി ആന്റണി കരിശുങ്കൽ എന്നിവർ ആവശ്യപ്പെട്ടു.