അമ്പലപ്പുഴ: വട്ടപ്പായിത്ര നിവാസികൾ എല്ലാ സമയവും അഴുക്കുവെള്ളംകുടിക്കേണ്ടി വരുമോ എന്ന ഭീതിയിലാണ്. കഞ്ഞിപ്പാടം എ.കെ .ജി - വട്ടപ്പായിത്ര റോഡിൽ രണ്ട് മാസമായി കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുകയാണ്. പമ്പിംഗ് ഇല്ലാത്ത സമയത്ത് പൈപ്പ് പൊട്ടിയ ഭാഗത്തുകൂടെ മലിനജലം പൈപ്പിൽ പ്രവേശിക്കുകയും ശുദ്ധജലത്തിൽ മലിനജലം കലരുമോ എന്നതാണ് ഇവരുടെ പേടി. അങ്ങനെ സംഭവിച്ചാൽ 1000 ത്തോളം വീടുകളിൽ ഈ മലിനജലം എത്തുന്ന സ്ഥിതിയാണ്.
നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. ചിറയിൽ ഭാഗത്താണ് ശുദ്ധജലം പാഴായി പോകുന്നത്. വാർഡിൽ പല ഭാഗത്തും ശുദ്ധജല ക്ഷാമം നേരിടുമ്പോഴും അധികൃതർ വെള്ളം പാഴാകുന്നത് കണ്ടില്ലെന്ന് നടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
........
പകർച്ച വ്യാധികൾ വ്യാപകമാകുന്ന മഴക്കാലത്തിന് മുൻപേ പ്രശ്നം പരിഹരിക്കണം. അല്ലെങ്കിൽ കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകും. അധികൃതരുടെ അനാസ്ഥ മറ്റ് പകർച്ചവ്യാധികൾക്ക് തുടക്കമാകരുതേ എന്നാണ് പ്രാർത്ഥന
നാട്ടുകാർ