ചേർത്തല: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കരുതൽ ഓൺലൈൻ ക്ലിനിക്കിന് കഞ്ഞിക്കുഴിയിൽ തുടക്കമായി.ഗർഭിണികൾ, മുതിർന്ന പൗരന്മാർ, പത്തു വയസിനു താഴെയുള്ള കുട്ടികൾ എന്നിവർക്കായി കൊവിഡ് കാലത്തെ മനസിക സംഘർഷങ്ങൾ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് പുതിയ പദ്ധതിക്ക് രൂപം നൽകിയത്.
കരുതൽ'ഓൺലൈൻ ക്ലിനിക്കിന്റെ ഉദ്ഘാടനം കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ നിർവഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു.ജില്ലാ മാസ് മീഡിയ ഓഫീസർ സുജ മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബൈരഞ്ചിത്ത്, കെ. കമലമ്മ, പഞ്ചായത്തു സെക്രട്ടറി ഗീതാകുമാരി , അസിസ്റ്റന്റ് സെക്രട്ടറി ഗോപാലകൃഷ്ണൻ,ജയകുമാർ,ഷീല , ഡോ. രാഖി എന്നിവർ സംസാരിച്ചു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജ്യോതി മോൾ നന്ദി പറഞ്ഞു.
പഞ്ചായത്തിൽ ക്വാറന്റൈനിൽ കഴിയുന്ന ഗർഭിണികളും 70 വയസിന് മുകളിൽ ഉള്ളവരും കുട്ടികളും അനുഭവിക്കുന്ന മാനസികസംഘർഷങ്ങൾ ഒഴിവാക്കാൻ ഈ കരുതൽ ക്ലിനിക്കിലൂടെ സാധിക്കും. പഞ്ചായത്തിലെ കൊവിഡ് ഹെൽപ് ഡെസ്‌കിന്റെ ഏകോപനത്തോടെയാണ് ക്ലിനിക്കിന്റെ പ്രവർത്തനം. ഒരു കൗൺസിലർ,ഡോക്ടർ, ലേഡിഹെൽത്ത് ഇൻസ്‌പെക്ടർ എന്നിവരുടെ നേതൃത്വത്തിലാകും ക്ലിനിക്ക് പ്രവർത്തിക്കുക. ടി. ജി ഗോപിനാഥ് ചെയർമാനായിട്ടുള്ള സമിതി ക്ലിനിക്കിനെ നിയന്ത്റിക്കും.
രാവിലെ 10മുതൽ വൈകിട്ട് 4വരെ
ഓരോ വാർഡിലുമുള്ള കൊവിഡ് രോഗികളുടെയും ക്വാറന്റൈനിൽ കഴിയുന്നവരെയും നമ്പറുകൾ വാർഡ് തല ജാഗ്രതാ സമിതി ശേഖരിച്ചിട്ടുണ്ട്. ഈ പട്ടിക പ്രകാരം ഓൺലൈൻ ക്ലിനിക്കിലൂടെ ദിവസവും മുടങ്ങാതെ എല്ലാവരും വിളിക്കുകയും ആരോഗ്യ പ്രശ്‌നങ്ങൾ ചോദിച്ചറിയുകയും ചെയ്യും. ആവശ്യമുള്ളവർക്ക് കൗൺസിലിംഗും ഡോക്ടറുടെ സേവനം ആവശ്യമെങ്കിൽ അതും മരുന്നുകൾ ആവശ്യമെങ്കിൽ അതും എത്തിച്ചു നൽകും.
കുട്ടികൾക്കായി ചെറിയ വിനോദ പരിപാടികളും ഓൺലൈൻ വഴി നൽകും. ഇതിനായി ഓൺലൈൻ ക്ലിനിക്കിൽ അഞ്ചു പേരെ പ്രത്യേകമായി നിയോഗിച്ചു. എല്ലാ ദിവസവും രാവിലെ 10മുതൽ വൈകിട്ട് 4വരെ ആയിരിക്കും ക്ലിനിക്കിന്റെ പ്രവർത്തനം.