വാക്സിനേഷൻ മുടങ്ങിയതിനാൽ കുളമ്പുരോഗം പടരുന്നു
ആലപ്പുഴ: കന്നുകാലികൾക്ക് ആറുമാസത്തിലൊരിക്കൽ നൽകേണ്ട പ്രതിരോധ വാക്‌സിനേഷനിൽ വന്ന വീഴ്ചമൂലം ജില്ലയിൽ 21 പഞ്ചായത്തുകളിൽ കുളമ്പുരോഗം പടരുന്നു. ഒരാഴ്ചയ്ക്കിടെ 95 കന്നുകാലികളും കിടാരികളും ചത്തു. ഇന്നലെ വരെ 1000ൽ അധികം കാലികൾക്ക് രോഗം ബാധിച്ചെന്നാണ് റിപ്പോർട്ട്. കൊവിഡ് മൂലം വാക്സിൻ ഉത്പാദനം കമ്പനി കുറച്ചതിനാൽ കേന്ദ്രത്തിൽ നിന്നുള്ള ലഭ്യത അവതാളത്തിലായതാണ് കുത്തിവെയ്പ് മുടങ്ങാൻ കാരണം.
രണ്ട് മാസം മുമ്പ് കാർത്തികപ്പള്ളി താലൂക്കിലാണ് രോഗം ആദ്യം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരുവർഷത്തിനിടെ 1345 പശുക്കൾക്ക് കുളമ്പുരോഗം ബാധിച്ചു. രോഗം വ്യാപകമായതോടെ പാൽ ഉത്പാദനം ഗണ്യമായി കുറഞ്ഞതിനാൽ ക്ഷീരകർഷകർ ദുരിതത്തിലായി. ആറുമാസത്തിലൊരിക്കൽ വാക്സിൻ എടുത്തില്ലെങ്കിൽ കാലികളിൽ പ്രതിരോധ ശേഷം കുറയും. കഴിഞ്ഞ വർഷത്തെ രണ്ടാം ഘട്ടവും ഈ വർഷത്തെ ആദ്യ ഘട്ടവും നൽകാൻ കഴിയാത്തതാണ് രോഗ വ്യാപനത്തിന് വഴിയോരുക്കിയത്. വായ്പയെടുത്ത് പശുക്കളെ വളർത്തുന്ന കർഷകർ കടക്കെണിയിലായി. കുളമ്പ് രോഗം ബാധിച്ച പശുക്കൾക്ക് ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കില്ല. വൈറസ് രോഗമായാതിനാൽ കാലാവസ്ഥയിലെ മാറ്റം അകലെയുള്ള പ്രദേശങ്ങളിലേക്ക് വരെ രോഗം വ്യാപിക്കാം. പശുക്കളിൽ വന്ധ്യതയ്ക്കു വരെ കുളമ്പുരോഗം കാരണമാകും.
മുഴുവൻ സംസ്ഥാനങ്ങളിലും വാക്‌സിൻ പൂർണ്ണമായും സൗജന്യമായി നൽകുന്ന ദേശീയ ആനിൽമൽ ഡിസീസ് കൺട്രോൾ പദ്ധതി 2019ൽ ആണ് ആരംഭിച്ചത്. സംസ്ഥാനത്ത് 2020 ഫെബ്രുവരിയിൽ പദ്ധതി തുടങ്ങി. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ നിറുത്തിവച്ചു. പിന്നീട് ജൂണിൽ പുനരാരംഭിച്ച് സെപ്തംബർ 15ന് പൂർത്തീകരിച്ചു. അന്ന് 73,025 മൃഗങ്ങൾക്കാണ് (പശു, ആട്, എരുമ, പന്നി) വാക്‌സിൻ നൽകിയത്. 85.99 ശതമാനം മൃഗങ്ങൾക്കും കുത്തിവയ്പ് നൽകിയിരുന്നു. കഴിഞ്ഞ വർഷത്തെ ഒന്നാംഘട്ടം പൂർത്തിയായത് വർഷാവസാനമായിരുന്നു. ഇത്തവണ ജനുവരിയൽ വാക്‌സിൻ വിതരണം ആരംഭിക്കേണ്ടതായിരുന്നു.
ലക്ഷണങ്ങൾ
കുളമ്പ്, വായ്, നാവ്, ചുണ്ടുകൾ എന്നിവ പൊട്ടൽ, പനി, ഉമിനീർ ഒലിക്കൽ, തീറ്റ എടുക്കാൻ മടി
ഗോരക്ഷ പദ്ധതി
കേന്ദ്ര സംസ്ഥാന സർക്കാരുടളുടെ സഹായത്തോടെ മൃഗസംരക്ഷണവകുപ്പ് നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതിയാണ് ഗോരക്ഷ. 75 ശതമാനത്തിലധികം പ്രതിരോധശേഷി ഉറപ്പാക്കുകയുമാണ് ലക്ഷ്യം. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ക്ഷീരസഹകരണ സംഘങ്ങളുടെയും ക്ഷീരവികസന വകുപ്പ്, മിൽമ തുടങ്ങിയവയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് രോഗം നിയന്ത്രണവിധേയമാണെങ്കിലും പ്രതിരോധ പ്രവർത്തനങ്ങൾ തുടർന്നാൽ മാത്രമേ നിർമാർജ്ജനം സാദ്ധ്യമാവൂ.
....................................
ജില്ലയിൽ കുളമ്പുരോഗം വ്യാപിക്കാതിരിക്കാൻ രോഗം റിപ്പോർട്ട് ചെയ്ത എല്ലാ പഞ്ചായത്ത് പ്രദേശത്തും മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ റിംഗ് വാക്‌സിൻ ആരംഭിച്ചു. അഞ്ചുകിലോമീറ്റർ ചുറ്റളവിലാണ് റിംഗ് വാക്‌സിനേഷൻ നടത്തുന്നത്. ആവശ്യമായ വാക്‌സിൻ പ്രാദേശിക വെറ്ററിനററി കേന്ദ്രങ്ങൾ നേരിട്ട് വാങ്ങി ബില്ല് ജില്ലാ ഓഫീസിൽ ഹാജരാക്കുമ്പോൾ തുക കൈമാറും. കാലികൾക്ക് തീറ്റ നൽകാനും മന്ത്രി നിർദേശിച്ചിട്ടുണ്ട്
ഡോ. എസ്.ജെ.ലേഖ, ചീഫ് വെറ്ററിനറി ഓഫീസർ, ജില്ലാ മൃഗസംരക്ഷണ കേന്ദ്രം
.
'