s

കൊവിഡ് രോഗികളുടെ ജീവന് ഭീഷണി

ആലപ്പുഴ: കൊവിഡ് രോഗികളുടെ ജീവന് ഭീഷണി ഉയർത്തി വ്യാജ പൾസ് ഓക്സിമീറ്ററുകൾ വിപണിയിൽ. രക്തത്തിലെ ഓക്സിജന്റെ അളവ് സെക്കൻഡുകൾക്കുള്ളിൽ ഡിജിറ്റൽ രൂപത്തിൽ അറിയാൻ കഴിയുന്ന പ്രക്രിയയിൽ വെള്ളം ചേർക്കപ്പെടുന്നതോടെ ഓക്സിമീറ്ററുകൾ വാങ്ങാൻ പലരും മടിക്കുകയാണ്.

ചൂണ്ടുവിരലോ, നടുവിരലോ വച്ചാൽ മാത്രം റീഡിംഗ് തെളിയേണ്ട ഉപകരണത്തിൽ പേനയോ, ബാറ്ററിയോ വെച്ചാൽ പോലും റീഡിംഗ് തോത് കാണിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. കൊവിഡ് രോഗികളുടെ നിരക്ക് വർദ്ധിച്ചതോടെ കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓക്സിമീറ്ററുകൾക്ക് ആവശ്യക്കാർ വളരെ കൂടിയിരുന്നു. ഇതോട‌െ ഇവയുടെ വിലക്കയറ്റം പിടിച്ചുനി‌ർത്താൻ സർക്കാർ അടിസ്ഥാന വില നിശ്ചയിച്ച് ഉത്തരവിറക്കി.

എന്നാൽ സർക്കാർ പ്രഖ്യാപിച്ച നിരക്കിനേക്കാൾ താഴ്ന്ന വിലയിൽ പല കമ്പനികളും ഓക്സിമീറ്ററുകൾ വിപണിയിലിറക്കി സോഷ്യൽ മീഡിയ വഴി ഓ‌ർഡറുകൾ സ്വീകരിച്ച് വീടുകളിൽ എത്തിച്ചുകൊടുക്കുന്നുണ്ട്. കൊവിഡ് ബാധിതരിൽ നല്ലൊരു ശതമാനവും ഓക്സിമീറ്റർ ജീവിതത്തിൽ ആദ്യമായി കാണുകയും ഉപയോഗിക്കുകയും ചെയ്യുന്നവരാണ്. ഇത് ചൂഷണം ചെയ്താണ് വ്യാജ ഉപകരണങ്ങൾ മാർക്കറ്റിലെത്തിക്കുന്നത്.

വീടുകളിൽ കഴിയുന്ന കൊവിഡ് രോഗികൾ ഓക്സിജൻ അളവും, ഹൃദയമിടിപ്പിന്റെ തോതും കൃത്യമായി അളക്കുകയും ഡോക്ടർമാരെ അറിയിക്കേണ്ടതുമുണ്ട്. പല രോഗികൾക്കും പൊടുന്നനെ ഓക്സിജന്റെ അളവ് കുറഞ്ഞുപോകാനുള്ള സാദ്ധ്യതയുള്ളതിനാൽ ഇതറിയാനാണ് ഓക്സിമീറ്റുകൾ ഉപയോഗിക്കുന്നത്.

വെല്ലുവിളി

വ്യാജ ഓക്സിമീറ്റർ തെറ്റായ അളവ് കാണിക്കുന്നതിനാൽ രോഗിയുടെ രക്തത്തിൽ ഓക്സിജൻ കുറഞ്ഞാലും അറിയാൻ സാധിച്ചില്ലെന്നു വരാം. വിപണിയിൽ ലഭിക്കുന്ന ഭൂരിഭാഗം ഓക്സിമീറ്ററുകളിലും വില രേഖപ്പെടുത്തിയിട്ടില്ല. ഓൺലൈനുകളിൽ ലഭിക്കുന്നവ ഏത് കമ്പനിയുടേതാണ് എന്നുപോലും പലപ്പോഴും അറിയാനാവില്ല..

ഒറിജിനലിനെ തിരിച്ചറിയാൻ

കൈത്തണ്ടയിൽ ശക്തമായി അമർത്തിപ്പിടിക്കുക.

ഇതോടെ വിരലുകളിലേക്കുള്ള രക്തയോട്ടം കുറയും.

ഈ സമയം ഓക്സിമീറ്റർ വിരലിൽ ഘടിപ്പിച്ചാൽ അളവുകൾ തെളിയില്ല.

കൈത്തണ്ട അമ‌ർത്തിപ്പിടിക്കുന്നത് നിർത്തിയാലുടൻ ഓക്സിജൻ, ഹൃദയമിടിപ്പ് അളവുകൾ തെളിയും.

വിശ്വാസ്യതയുള്ള മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് നേരിട്ട് പരിശോധിച്ച് വേണം ഓക്സിമീറ്റർ വാങ്ങാൻ. ആവശ്യക്കാർ കൂടിയതോടെ ധാരാളം ഓൺലൈൻ സൈറ്റുകളിലും, സോഷ്യൽ മീഡിയയിലും വിലകുറച്ച് ഉപകരണങ്ങളുടെ വിൽപ്പന നടക്കുന്നത് കാണാം. മെഡിക്കൽ ഉപകരണം ഇത്ര നിരുത്തരവാദപരമായി വിപണിയിലിറക്കുന്നവ‌ർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണം

- രഞ്ജിത്ത്, ഫാർമസിസ്റ്റ്