ആലപ്പുഴ : കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനത്തിലും ഇറക്കുമതിയിലും ഉണ്ടായേക്കാവുന്ന ക്ഷാമം മുന്നിൽ കണ്ട് 70 ലക്ഷം കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പ് 50 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകളും ഒന്നരക്കോടി പച്ചക്കറി തൈകളും ഉടൻ വിതരണം ചെയ്യുമെന്ന് മന്ത്രി പി പ്രസാദ് അറിയിച്ചു. ഓണം സീസൺ മുന്നിൽ കണ്ട് എല്ലാ കുടുംബങ്ങളിലും സുരക്ഷിത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനാണ് പദ്ധതിയെന്നും മന്ത്രി പറഞ്ഞു.
കൃഷിവകുപ്പിന്റെ പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായുള്ള ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന ആശയം പ്രായോഗികമാക്കുന്നത് കൂടി ലക്ഷ്യമിട്ടുള്ള ഈ പദ്ധതി പ്രകാരം കർഷകർക്കും വിദ്യാർഥികൾക്കും വനിതാ ഗ്രൂപ്പുകൾക്കും സന്നദ്ധ സംഘടനകൾക്കും കൃഷിഭവൻ മുഖാന്തരം സൗജന്യമായി പച്ചക്കറി വിത്തുകളും തൈകളും ജൂൺ പകുതിയോടെ ലഭ്യമാക്കും. കൃഷി വകുപ്പിന് കീഴിലുള്ള വി.എഫ്.പി.സി.കെ, കേരള കാർഷിക സർവകലാശാല, അഗ്രോ സർവീസ് സെന്ററുകൾ എന്നിവ മുഖാന്തിരമാണ് വിത്തുകളും തൈകളും തയ്യാറാക്കുന്നത്.