s

കോഴിത്തീറ്റവില കുത്തനെ ഉയർന്നു

ആലപ്പുഴ: കോഴിത്തീറ്റ വിലയിൽ പൊടുന്നനെയുണ്ടായ വില വ‌ർദ്ധനവ് കോഴി വളർത്തൽ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നു. 50 കിലോ കോഴിത്തീറ്റയ്ക്ക് മൂന്ന് മാസം മുമ്പ് 1480 രൂപയായിരുന്നത് ഇപ്പോൾ 2180 രൂപയിലേക്ക് കുതിച്ചുയർന്നു. ഇതോടെ ആയിരം കോഴി വള‌ർത്തുന്ന ഒരു കർഷകൻ മാസം ചുരുങ്ങിയത് 35000 രൂപ അധികം കണ്ടെത്തണം. ചോളത്തിന്റെ ലഭ്യതയിലുണ്ടായ കുറവും പെട്രോളിയം ഉത്പന്നങ്ങളുടെ ലഭ്യതക്കുറവുമാണ് കോഴിത്തീറ്റ വിലയിൽ കുതിച്ചു ചാട്ടത്തിന് വഴിവച്ചത്. ലോക്ക് ഡൗൺ കാലത്ത് ഹോട്ടലുകൾ പൂട്ടിയതോടെ ഉണ്ടായ വിപണി നഷ്ടവും, അടിക്കടിയുണ്ടാകുന്ന പ്രകൃതി ക്ഷോഭങ്ങളും മേഖലയിൽ വെല്ലുവിളി ഉയർത്തുകയാണെന്ന് ഓൾ കോരള പൗൾട്രി ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു. കൊവി‌ഡ് പോസിറ്റീവ് ആകുന്ന കർഷകർ, കോഴിക്ക് തീറ്റ കൊടുക്കാൻ പോലും സാധിക്കാതെ കൃഷി പൂർണമായും ഉപേക്ഷിക്കുന്ന സ്ഥിതിയും വന്നു ചേർന്നു. ജില്ലയിൽ നിരവധി പേരാണ് ഇത്തരത്തിൽ പൗൾട്രി മേഖലയിൽ നിന്ന് പിൻവാങ്ങിയത്.

50 കിലോഗ്രാം കോഴിത്തീറ്റയുടെ വില

3 മാസം മുമ്പ് : ₹1480

ഇപ്പോൾ : ₹ 2180

വിപണി ഇല്ല

ഹോട്ടലുകളാണ് പൗൾട്രി മേഖലയുടെ പ്രധാന വിപണി. മികച്ച കച്ചവടം നടക്കുന്ന ഒരു ഹോട്ടലിൽ പ്രതിദിനം 200 കിലോയിലധികം കോഴിയിറച്ചി വാങ്ങും. എന്നാൽ ലോക്ക് ഡൗണിൽ ഹോട്ടലുകൾക്ക് പൂട്ട് വീണതോടെ കോഴിക്കച്ചവടം താഴേക്ക് പോയി. കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്ന വൻകിട കമ്പനികളുടെ കള്ളക്കളി മൂലം പലപ്പോഴും നിലവാരം കുറഞ്ഞ കോഴിക്കുഞ്ഞുങ്ങളാണ് സംസ്ഥാനത്തെത്തുന്നത്. മുട്ട വിരിയുമ്പോൾ തന്നെ ഗുണനിലവാരമുള്ള കുഞ്ഞുങ്ങളെ കമ്പനികൾ സ്വന്തം ഫാമിലേക്ക് നീക്കും. ബാക്കി വരുന്നവയാണ് കേരളമടക്കമുള്ള മാർക്കറ്റിലെത്തിക്കുന്നതെന്നും പൗൾട്രി മേഖലയിലുള്ളവർ പരാതിപ്പെടുന്നു.

പ്രകൃതിയും കനിയണം

കാലവർഷം കനക്കുന്നതും സ്ഥിരമായുണ്ടാകുന്ന വെള്ളപ്പൊക്കവും തങ്ങൾക്ക് ഇരട്ടി ദുരിതമുണ്ടാക്കുന്നെന്ന് കർഷകർ പറയുന്നു. പ്രകൃതി ക്ഷോഭങ്ങളുടെ സമയത്ത് കോഴികളെ കരയ്ക്കെത്തിക്കുന്നതടക്കം വലിയ പ്രതിസന്ധിയാണ് കർഷകർ നേരിടുന്നത്.

''ചിലവിനേക്കാൾ കുറഞ്ഞ വിലയ്ക്ക് കർഷകന്റെ കോഴിയെ വിൽക്കേണ്ട അവസ്ഥയാണ് നിലനിൽക്കുന്നത്. അഞ്ച് ലക്ഷത്തോളം ആളുകൾ പ്രത്യക്ഷമായും പരോക്ഷമായും തൊഴിലിനായി ആശ്രയിക്കുന്ന പൗൾട്രി മേഖലയെ സംരക്ഷിക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണം

- എസ്.കെ നസീർ, ജനറൽ സെക്രട്ടറി,

ഓൾ കേരളാ പൗൾട്രി ഫെഡറേഷൻ