ആലപ്പുഴ : കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിൽ കൊവിഡ് മെഗാ പരിശോധന ക്യാമ്പ് ഇന്ന് മുതൽ ആരംഭിക്കും. പരിശോധനക്കായി 2000 ആന്റിജൻ പരിശോധന കിറ്റുകൾ വാങ്ങിയതായി പഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് ചിങ്കുതറ പറഞ്ഞു. ടി.പി.ആർ. റേറ്റ് കുറയ്ക്കുന്നതിനായി വ്യാപകമായ പരിശോധന വേണമെന്ന പഞ്ചായത്ത് ഭരണ സമിതിയുടെയും ഡോക്ടർമാരുടെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മെഗാ ക്യാമ്പ് നടത്താൻ തീരുമാനിച്ചത്. വാർഡ് അടിസ്ഥാനത്തിലാണ് പരിശോധന ക്യാമ്പുകൾ സജ്ജമാക്കിയിട്ടുള്ളത്. 14 വാർഡുകളാണ് പഞ്ചായത്തിൽ ആകെയുള്ളത്. ഒരു ദിവസം രണ്ട് വാർഡുകൾ എന്ന ക്രമത്തിൽ പരിശോധന നടത്തും. രണ്ട്, മൂന്ന് വാർഡുകൾക്കുള്ള പരിശോധനയാണ് ആദ്യദിനത്തിൽ നടക്കുക. ആഡിറ്റോറിയങ്ങൾ, പാരിഷ് ഹാളുകൾ, കമ്മ്യൂണിറ്റി ഹാളുകൾ എന്നിവ പരിശോധനക്കായി തയ്യാറാക്കിയിട്ടുണ്ട്.