ഹരിപ്പാട്: കൊവിഡ് ബാധിച്ച കുട്ടികളിലും വയോജനങ്ങളിലും ഉണ്ടാവുന്ന ശാരീരിക, മാനസിക പ്രശ്നങ്ങൾ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ ആയുർവ്വേദ വിഭാഗവുമായി ചേർന്ന് കരുവാറ്റ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന സ്നേഹാമൃതം, മധുരസായാഹ്നം പദ്ധതികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നിർവ്വഹിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കൂടിയ വെർച്വൽ ജാഗ്രതാ ഗ്രാമസഭയിൽ പദ്ധതികളുടെ പ്രഖ്യാപനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് നടത്തി.

പഞ്ചായത്ത് സെക്രട്ടറി നിഷ എൻ.തയ്യിൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിപ്പാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.പൊന്നമ്മ, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീലേഖ മനു, വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.മോഹൻകുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബ ഓമനക്കുട്ടൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.രംഗനാഥക്കുറുപ്പ്, നോഡൽ ഓഫീസർമാരായ പി.ഹരിദാസ്, സേതുമാധവൻ, മെഡിക്കൽ ഓഫീസർമാർഎന്നിവർ സംസാരിച്ചു. പരിശോധനകൾ, ലാബ് ടെസ്റ്റുകൾ, വിനോദ പരിപാടികൾ, കൗൺസിലിംഗ്, ചികിത്സയും മരുന്നുകളും, പോഷകാഹാരം എന്നിവ ചേരുന്നതാണ് പദ്ധതി. ആയുർവ്വേദ വിദഗ്ദ്ധരായ ഡോക്ടർമാരുടെ പാനൽ മേൽനോട്ടം വഹിക്കും.