കുട്ടനാട്: കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ദിവസങ്ങളോളം അടച്ചുപൂട്ടിയ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി കോൺഗ്രസും ബി.ജെ.പിയും. ആശുപത്രിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിവന്ന കമ്പനിയെ ആ ചുമതലയിൽ നിന്നു ഒഴിവാക്കി ടെൻഡർ ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കുകയും നാട്ടുകാർക്ക് അടിയന്തര ചികിത്സ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ ഉടനടി സ്വീകരിക്കുകയും ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇവർ രംഗത്തെത്തിയത്.
വെള്ളപ്പൊക്കത്തെത്തുടർന്ന് ആശുപത്രി അടച്ചുപൂട്ടുകയും കൊവിഡ് ഉൾപ്പടെയുള്ളരോഗങ്ങൾക്ക് ചികിത്സ മുടങ്ങുകയും ചെയ്തത് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. . വെളിയനാട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഈ ആശുപ്ര്രതിക്ക് 2017-18ൽ 40കോടി രൂപയും 2019-20, 2020- 21 ബഡ്ജറ്റുകളിൽ 150കോടി രൂപയും പ്രഖ്യാപിച്ചിരുന്നതാണ്. 2019 ആഗസ്റ്റിൽ പദ്ധതിക്ക് ഭരണാനുമതി ലഭിക്കുകയും ഇൻകൽ എന്ന കമ്പനി കരാറെടുക്കുകയും ചെയ്തിരുന്നു. എസ്റ്റിമേറ്റ് തയ്യാറാക്കിയതിന് പുറമെ മണ്ണ് പരിശോധന നടത്തിയെങ്കിലും പിന്നീടൊന്നും നടന്നില്ല. .2020 സെപ്തംബറിൽ സാങ്കേതിക അനുമതി ലഭിക്കുന്നതുമായ് ബന്ധപ്പെട്ട് വിദഗ്ദ്ധസംഘം ആശുപത്രി സന്ദർശിച്ചിരുന്നു. അതിന്‌ശേഷംവിശദമായ പ്രോജക്ട് റിപ്പോർട്ടോ ആശുപത്രി രൂപരേഖയോ കിഫ്ബിയ്ക്ക് സമർപ്പിക്കാൻപോലും കമ്പനി തയ്യാറായിട്ടില്ലെന്നാണ് കോൺഗ്രസിന്റെയും ബി.ജെ.പിയുടെയും ആക്ഷേപം. ഈ സാഹചര്യത്തിൽ ശക്തമായ സമരമല്ലാതെ മറ്റു മാർഗ്ഗമില്ലെന്ന് കോൺഗ്രസ് നോർത്ത് മണ്ഡലംകമ്മറ്റി പ്രസിഡന്റ് സി.വി.രാജീവ്, ബി.ജെ.പി നേതാവ് എം.ആർ.സജീവ് എന്നിവർ അഭിപ്രായപ്പെട്ടു.