ആലപ്പുഴ : കൊവിഡ് ഒഴിഞ്ഞുപോകുന്നതു വരെ ഉയിർത്തെഴുന്നേല്പില്ലെന്ന സത്യവുമായി പൊരുത്തപ്പെടുകയാണ് സംസ്ഥാനത്തെ കാറ്ററിംഗ് മേഖല. കഴിഞ്ഞ ഒന്നരവർഷമായി പരമാവധി നൂറ് പേർക്കുള്ള സദ്യവട്ടമാണ് ഓരോ ചടങ്ങിനും തയ്യാറാക്കുന്നത്.
ലഭിച്ച കല്യാണ ഓർഡറുകളും ലോക്ക് ഡൗൺ നീട്ടിയതോടെ റദ്ദായി. അൻപതോ നൂറോ പേർക്കുള്ള വിഭവങ്ങൾ തയാറാക്കുന്നത് നഷ്ടക്കച്ചവടമാണ്. ആയിരം പേരുടെ സദ്യവട്ടം തയാറാക്കുമ്പോൾ ചുരുങ്ങിയത് 40 പേർക്കാണ് കാറ്ററിംഗുമായി ബന്ധപ്പെട്ട് ജോലി ലഭിക്കുന്നത്. പാചകക്കാർ മുതൽ വിളമ്പുകാർ വരെയുള്ള വിഭാഗത്തിന് പ്രതിദിനം 400 മുതൽ 600 രൂപയുടെ വരെ വരുമാനം ലഭിക്കുമായിരുന്നു.
ആളെണ്ണം വെട്ടിച്ചുരുക്കുന്നതോടെ കാറ്ററിംഗ് ടീമിലെ ജോലിക്കാരുടെ എണ്ണം പരമാവധി 10ലേക്ക് ചുരുങ്ങി. കാറ്ററിംഗ് ജോലി ചെയ്തിരുന്ന ഭൂരിഭാഗം പേരും മറ്റ് തൊഴിലിടങ്ങളിലേക്ക് ചേക്കേറി. കാറ്ററിംഗും പന്തൽ പണിയും ഒരുമിച്ചാണ് പല കരാറുകാരും ഏറ്റെടുത്തിരുന്നത്. കൊവിഡെത്തിയതോടെ ആർഭാടപന്തലുകൾ രംഗമൊഴിഞ്ഞു. കഴിഞ്ഞ ലോക്ക് ഡൗണിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട കാറ്ററിംഗ് മേഖല തിരിച്ചുവരുന്നതിനിടെയാണ് കൊവിഡ് രണ്ടാം തരംഗം ആഞ്ഞുവീശിയത്. കഴിഞ്ഞ ലോക്ക് ഡൗണിനുശേഷം ഇളവുകൾ പ്രഖ്യാപിച്ചതോടെ പല ചടങ്ങുകളിലും ആളെണ്ണം വർദ്ധിച്ചിരുന്നു.എന്നാൽ രണ്ടാം ലോക്ക് ഡൗൺ വന്നതോടെ 80 ശതമാനം ബുക്കിംഗുകളും റദ്ദായി. ബുക്കിംഗുകൾ പിൻവലിക്കുന്നവർക്ക് അഡ്വാൻസ് പണം തിരികെ നൽകാൻ പോലും പാടുപെടുകയാണെന്ന് കാറ്ററിംഗ് മേഖലയിലുള്ളവർ പറയുന്നു. വിവാഹത്തിന് പുറമേ നിശ്ചയം, പിറന്നാൾ, ഗൃഹപ്രവേശം, പേരിടീൽ, യാത്ര അയപ്പ്, അടിയന്തരം തുടങ്ങി എല്ലാ ചടങ്ങുകളും നിലച്ചത് കാറ്ററിംഗ് മേഖലയ്ക്ക് വെല്ലുവിളിയായി.
''ഒരു വിവാഹ സത്ക്കാരത്തിന്റെ കരാർ ലഭിച്ചാൽ സകല ചെലവും, ജോലിക്കാരുടെ വേതനവും നൽകിയ ശേഷം മാന്യമായ തുക പോക്കറ്റിലിരിക്കുമായിരുന്നു. ഇപ്പോൾ സ്ഥിതി തകിടം മറിഞ്ഞു. ജോലിക്കാരെ പിരിച്ചുവിട്ടു. നിലവിലെ പ്രതികൂല കാലാവസ്ഥയ്ക്ക് മാറ്റം വന്നാൽ മാത്രമേ അവരെ തിരിച്ച് വിളിക്കാൻ സാധിക്കൂ
- രമേശൻ, കാറ്ററിംഗ് സർവീസ്
സ്ഥാപനം ഒരു വിധത്തിലും നടത്തിക്കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലാണ്. ഒരു ഡസനോളം ജീവനക്കാരുണ്ട്. അവരുടെയും കാര്യം വലിയ കഷ്ടത്തിലായിരിക്കുകകയാണ്. ദൈനം ദിന ജീവിതം ദുരിതത്തിലായി. വായ്പാ തിരിച്ചടവുകളാണ് വലിയ പ്രശ്നമായിരിക്കുന്നത്. കൊവിഡ് മാറി എല്ലാം ഒന്നു തെളിയണം. എന്നാൽ മാത്രമേ മേഖല ഒന്ന് കരകയറൂ.
അനിൽകുമാർ, അറവുകാട്
കാറ്ററിംഗ് സർവീസ്, അർത്തുങ്കൽ
1000 പേർക്കുള്ള ഭക്ഷണം
തയ്യാറാക്കാൻ
വിളമ്പുകാർ ................... 30
പാചകക്കാർ................... 5
കോ ഓർഡിനേഷൻ....... 2
സഹായികൾ ................. 3
പ്രതിദിന വരുമാനം : ₹ 400 മുതൽ 600