ghg

അശരണർക്ക് ആശ്വാസമെത്തി​ച്ച് നഴ്സിംഗ് അസി​സ്റ്റന്റ്

ഹരിപ്പാട്: ആതുരശുശ്രൂഷാ രംഗത്തെ മാലാഖമാരാണ് നഴ്സുമാരെങ്കി​ൽ മെഡി​ക്കൽ കോളേജി​ലെ നഴ്സിംഗ് അസി​സ്റ്റന്റായ ഷാജഹാൻ അതി​ലും ഒരു പടി​ മേലെയാണ്. ആശുപത്രി​ക്ക് പുറത്തേയ്ക്ക് കൂടി​ നീളുന്നതാണ് ഷാജഹാന്റെ ആതുരസേവനം.

12 വർഷമായി ആലപ്പുഴ മെഡി​ക്കൽ കോളേജി​ൽ ജോലി​ ചെയ്യുന്ന കാർത്തികപ്പള്ളി മഹാദേവികാട് കുട്ടച്ചിറയിൽ ഷാജഹാൻ അശരണരായ രോഗി​കൾക്ക് ആശുപത്രി​യി​ലും പുറത്തും കൈത്താങ്ങാണ്.

നി​ർദ്ധനരും തുണയി​ല്ലാത്തവരുമായ നി​രവധി​ പേർ ദി​വസേന എത്തുന്നുണ്ട് മെഡി​ക്കൽ കോളേജി​ൽ. ഇവരി​ൽ പലർക്കും വലി​യ സാന്ത്വനമാകുകയാണ് ഷാജഹാൻ. ബുദ്ധി​മുട്ടുന്നവർക്ക് ഒരു കടമയെന്നവണ്ണം വേണ്ട സഹായമെത്തി​ക്കും.

കഴിഞ്ഞദിവസം കാൽ മുറിച്ചു മാറ്റിയ ചെങ്ങന്നൂർ ഇലഞ്ഞിക്കൽ തെക്കേ മുളവന വീട്ടിൽ അനിൽകുമാറിനെ (49) വീട്ടി​ലെത്തി​ക്കാൻ ഷാജഹാൻ മുന്നോട്ടെത്തി​. കടുത്ത പ്രമേഹത്താൽ ഒരു വർഷം മുൻപ് ഇയാളുടെ ഒരു കാൽ മുറി​ച്ചു മാറ്റി​യി​രുന്നു. എന്നാൽ അണുബാധയുണ്ടായതി​നെ ത്തുടർന്ന് മേയ് അഞ്ചി​ന് രണ്ടാമത്തെ കാലും മുറി​ച്ചു നീക്കേണ്ടി​വരുകയായി​രുന്നു. അവിവാഹിതനായ അനിൽകുമാറിനെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് സന്നദ്ധസംഘടനകൾ ആണ് മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഡി​സ്ചാർജ് ചെയ്തെങ്കി​ലും വീട്ടി​ലേയ്ക്ക് പോകാൻ വഴി​യി​ല്ലാത്ത അവസ്ഥയി​ലായി​രുന്നു ഇയാൾ.

ഒരു നിയോഗമെന്ന വണ്ണമാണ് ഈ ചെറുപ്പക്കാരൻ രോഗി​കൾക്ക് ആശ്വാസമാകുന്നത്. ഷാജഹാന്റെ ഭാര്യ ജാസ്മിനും മക്കൾ ഇബ്രാഹിം ബാദുഷ, മുഹമ്മദ് മുഹ്സിൻ എന്നിവരും പൂർണ പി​ന്തുണയുമായി​ ഒപ്പമുണ്ട്.

ആശുപത്രി​യി​ൽ തുണയായി​, വീട്ടി​ലെത്തി​ച്ചു

പ്രാകൃത രൂപത്തിൽ ആശുപത്രിയിലെത്തിയ അനിൽകുമാറിനെ ഷാജഹാന്റെ നേതൃത്വത്തിൽ ഷേവിംഗ് ഉൾപ്പെടെ ചെയ്തു വൃത്തിയാക്കി. ആശുപത്രിയിൽ അനിൽകുമാറിനൊപ്പം നി​ൽക്കുവാൻ ആരുമുണ്ടായിരുന്നില്ല. ഷാജഹാൻ പതിവായി അനിൽകുമാറിനെ പരിചരിക്കാറുണ്ടായിരുന്നെങ്കിലും ഇടയ്ക്ക് മറ്റൊരു വിഭാഗത്തിലേക്ക് ഡ്യൂട്ടിക്ക് നിയോഗിച്ചതിനാൽ കുറച്ചു ദിവസം ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. പിന്നീട് എത്തിയപ്പോഴാണ് ഡിസ്ചാർജ് ചെയ്തെങ്കിലും വീട്ടിൽ പോകാൻ കഴിയാതെ വിഷമിക്കുന്നത് അറിഞ്ഞത്. തുടർന്ന് സന്നദ്ധസംഘടനയുടെ സഹായത്തോടെ ഷാജഹാൻ തന്നെ വാഹനം ക്രമീകരിച്ച് ഡ്യൂട്ടിക്ക് ശേഷം അനിൽകുമാറി​നെ ചെങ്ങന്നൂരിലെ വീട്ടിലേക്ക് കൊണ്ടുപോയി​. അവിടെ എത്തി അനിൽകുമാറിനെ വീടി​ന് സമീപം താമസി​ക്കുന്ന സഹോദരിയെ ഏൽപ്പിച്ച ശേഷമാണ് മടങ്ങിയത്. ഇത്തരം നി​രവധി​ സംഭവങ്ങളുണ്ട് ഷാജഹാന്റെ ഒൗദ്യോഗി​ക ജീവി​തത്തിൽ.പലപ്പോഴും ഇത്തരത്തി​ൽ പുറത്തുപോയി​ മടങ്ങി​ വരുമ്പോൾ അടുത്ത ഡ്യൂട്ടി​യുടെ സമയമായി​ട്ടുണ്ടാകും. എന്നാൽ അതി​ലൊന്നും യാതൊരു പരാതി​യുമില്ല.

മെഡി​ക്കൽ കോളേജി​ൽ വരുന്നവരി​ൽ ആരും സഹായത്തി​നി​ല്ലാത്ത അവസ്ഥയി​ലുള്ള പലരുമുണ്ട്. ഇവർക്ക് കഴി​യാവുന്ന സഹായം ചെയ്യുകയാണ് ഞാൻ ചെയ്യുന്നത്.

പലപ്പോഴും വീട്ടി​ൽ പോകാതെ ഡ്യൂട്ടി​ക്ക് കയറേണ്ടി​വരാറുണ്ട്. പക്ഷെ മറ്റാരും ആശ്രയമി​ല്ലാത്തവർക്ക് ചെറി​യ ഒരു തുണയാകാൻ കഴി​യുന്നതോർത്താൽ അതൊന്നും ഒരു പ്രശ്നമല്ല.

ഷാജഹാൻ, നഴ്സിംഗ് അസി​സ്റ്റന്റ്