അമ്പലപ്പുഴ: തോട്ടപ്പള്ളി ഫിഷിംഗ് ഹാർബറിൽ മത്സ്യബന്ധനവും വിപണനവും 29 മുതൽ ആരംഭിക്കാൻ എച്ച് .സലാം എം. എൽ .എ വിളിച്ചു ചേർത്ത യോഗത്തിൽ തീരുമാനമായി. കോവിഡ് പ്രോട്ടോക്കോൾ പൂർണ്ണമായി പാലിച്ചാകും ഇവ നടപ്പിലാക്കുക. ഹാർബറിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടി കൈക്കൊള്ളാൻ ഹാർബർ എൻജിനിയറിംഗ് വിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.
ലൈലൻഡ് വള്ളങ്ങൾ ഒഴികെയുള്ള കാരിയർ വള്ളങ്ങളിൽ മത്സ്യം എത്തിച്ച് ഹാർബറിൽ വിൽപ്പന നടത്താം. തദ്ദേശീയരുടെ മത്സ്യവും ഇവിടെ വിൽപ്പന നടത്താൻ അനുമതിയുണ്ട്. രാവിലെ 7 മുതൽ പകൽ 2 വരെയാകും വില്പന. ജില്ലക്ക് പുറത്തു നിന്നുള്ള വ്യാപാരികൾ ആർ. ടി .പി .സി.ആർ ഫലവും ജില്ലയിലെ വ്യാപാരികൾ ആന്റിജൻ പരിശോധനാ ഫലവും ഹാജരാക്കണം. മത്സ്യ ലേലം ഒഴിവാക്കി മത്സ്യത്തൊഴിലാളികൾക്ക് നഷ്ടം വരാത്ത വിധമാകും കച്ചവടം. ഹാർബറിലെ അനാവശ്യ ആൾക്കൂട്ടം ഒഴിവാക്കുന്നതിന് കർശന നടപടി കൈക്കൊള്ളാൻ പൊലീസിനെ ചുമതലപ്പെടുത്തി. ഹാർബറിലും പ്രവേശന കവാടത്തിലും അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യുന്നതിന് എത്ര ദിവസം വേണ്ടിവരുമെന്നും മണ്ണിന്റെ അളവ്, ആവശ്യമായ യന്ത്രോപകരണങ്ങൾ എന്നിവയെ സംബന്ധിച്ചും വിശദമായ റിപ്പോർട്ട് അടിയന്തിരമായി ലഭ്യമാക്കാൻ എം. എൽ .എ ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പുറക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എ .എസ്. സുദർശനൻ അധ്യക്ഷത വഹിച്ചു.