അമ്പലപ്പുഴ : അമ്പലപ്പുഴ വടക്കു പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ ഉൾപ്പെട്ട ഏറെ താഴ്ന്ന കാക്കാഴം കമ്പിവളപ്പ് പ്രദേശംഇന്നലെ പുലർച്ചെ മുതൽ തോരാതെ പെയ്ത മഴയിൽ വെള്ളത്തിലായി. പെയ്ത്ത് വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ലാത്തതാണ് ഇവിടുത്തെ വെള്ളക്കെട്ടിന് കാരണം.
നേരത്തെ ഇവിടെ നിന്നുള്ള പെയ്ത്ത് വെള്ളം കാപ്പിത്തോട് വഴി പൂക്കൈതയാറ്റിൽ എത്തിയിരുന്നു. എന്നാൽ കാപ്പിത്തോട്ടിലെ നീരൊഴുക്ക് നിലച്ചതോടെ പ്രദേശം വെള്ളക്കെട്ടിലായി. ചെറിയ മഴയിൽപ്പോലും ഇവിടെ വെള്ളക്കെട്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. പ്രദേശത്തെ പലപ്രധാന തോടുകളും കൈയേറിയതും റോഡ് വികസനത്തിന് വേണ്ടി കാപ്പിത്തോട് നികത്തിയതുമാണ് വെള്ളക്കെട്ടിനു കാരണം. കൂടാതെ കാപ്പിത്തോട്ടിൽ അടിഞ്ഞു കൂടിയ മാലിന്യങ്ങളും നീരൊഴുക്കിന് ഏറെ തടസം സൃഷ്ടിക്കുന്നു. പലവീടുകൾക്കുള്ളിലും വെള്ളം കയറി വാസയോഗ്യമല്ലാതായി.
ആശുപ്രതി മാലിന്യമടക്കം
ഒഴുകിയെത്തും
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്നടക്കമുള്ള മലിനജലം കാപ്പിത്തോട്ടിലൂടെ ഒഴുകി കമ്പിവളപ്പിലെ വീടുകളിലെത്തും. ത്വക്ക് രോഗം അടക്കമുള്ള പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ ഇതിടയാക്കും. മഴക്കാലക്കെടുതികൾ മുന്നിൽക്കണ്ട് കാപ്പിത്തോട്ടിലെ മാലിന്യങ്ങൾ നീക്കാനോ തോട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന വൃക്ഷ തലപ്പുകൾ വെട്ടിമാറ്റാനോ പോലും പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കാത്തതാണ് ഇപ്പോഴത്തെ വെള്ള ക്കെട്ടിന് പ്രധാന കാരണമെന്ന് പരാതിയുയരുന്നു.
വ്യാപകമായ കൈയേറ്റം മൂലം പല ഭാഗത്തും കാപ്പിത്തോട് ഇല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. ഏതാനും വർഷങ്ങൾക്കുമുമ്പ് ഒരു മനുഷ്യാവകാശ പ്രവർത്തകന്റെ പരാതിയെത്തുടർന്ന് തോട് കൈയേറ്റം ഒഴിപ്പിക്കുമെന്ന് പറഞ്ഞ് സർവേ നടത്തി കല്ലുകൾ സ്ഥാപിച്ചെങ്കിലും ഇത് പ്രാവർത്തികമാക്കാൻ ജലവിഭവ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കാപ്പിത്തോട്ടിലെ മാലിന്യങ്ങൾ നീക്കി നീരൊഴുക്ക് സുഗമമാക്കണം
- നാട്ടുകാർ