സംഭരിച്ച നെല്ലിന്റെ വില ലഭിച്ചില്ല
കുട്ടനാട് : സംഭരിച്ച നെല്ലിന്റെ വില ലഭിക്കാത്തതിനെത്തുടർന്ന് കുട്ടനാട്ടിലെ കർഷകർ കണ്ണീർക്കയത്തിൽ. കടം മേടിച്ചും കൈയിലുണ്ടായിരുന്ന സ്വർണം പണയപ്പെടുത്തിയും കൃഷി നടത്തിയവരാണ് കടക്കെണിയിലായത്. കൊവിഡും വെള്ളപ്പൊക്കവും കൂടിയായതോടെ ഇവരുടെ ദുരിതം ഇരട്ടിച്ചു. 292.58 കോടി രൂപയാണ് പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച ഇനത്തിൽ സിവിൽ സപ്ളൈസ് കുട്ടനാട്ടിലെ കർഷകർക്ക് നൽകേണ്ടത്. ഇതിൽ 75.21 കോടി രൂപ മാത്രമേ ലഭിച്ചിട്ടുള്ളുവെന്ന് കർഷകർ പറയുന്നു. ബാക്കിയുള്ള തുകയ്ക്ക് വേണ്ടി കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. തങ്ങളുടെ ബാങ്ക് അക്കൗണ്ടുകളിൽ എത്രയും വേഗം തുക എത്തുമെന്ന പ്രതീക്ഷയിലായിരുന്നു കർഷകർ ഇത്രയും നാളും. ഇനിയും പണം ലഭിച്ചില്ലെങ്കിൽ ആത്മഹത്യ മാത്രമാണ് തങ്ങളുടെ മുന്നിലുള്ള ഏകമാർഗമെന്നും കർഷകർ പറയുന്നു.
കഴിഞ്ഞ പ്രാവശ്യത്തെ വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും കാരണം വളരെ വൈകിയാണ് പുഞ്ചകൃഷി പല പാടശേഖരങ്ങളിലും ആരംഭിച്ചത്. അതുകൊണ്ട് കൃഷിചിലവും കൂടി.
പിന്നീട് കൊയ്ത്ത് ആരംഭിച്ചപ്പോൾ പല പാടശേഖരങ്ങളിലും മില്ലുടമകൾ സംഭരണത്തിൽ നിന്ന് പിൻമാറിയത് കർഷകരെ പ്രതിസന്ധിയിലാക്കി. സംഭരിക്കാത്തതിനെത്തുടർന്ന് നെല്ല് ദിവസങ്ങളോളം പാടശേഖരത്തും ബണ്ടുകളിലുമായി കിടന്നു നനഞ്ഞു.
പണത്തിനായി കാത്തിരിപ്പ്
ഇത്തവണ പുഞ്ചകൃഷി ഇറക്കിയ 30,646 കർഷകരിൽ പകുതി പേർക്ക് പോലും നെല്ലിന്റെ വില ഇതുവരെ ലഭിച്ചിട്ടില്ല. ഇത് സിവിൽ സപ്ലൈസിന്റെ വെബ്‌സൈറ്റ് പരിശോധിക്കുന്ന ആർക്കും മനസ്സിലാകും. 10.64 കോടി കിലോഗ്രാം നെല്ലാണ് ഇക്കുറി കുട്ടനാട്ടിൽ നിന്നു മാത്രമായി സംഭരിച്ചത്. ജില്ലയുടെ മൊത്തത്തിലുള്ള കണക്കെടുത്താൽ ഇതിലും വളരെയധികം കൂടും .
പുഞ്ചകൃഷി ചെയ്ത കർഷകർ : 30,646
കർഷകർക്ക് ലഭിക്കേണ്ടത് : ₹292.58 കോടി
ഇതുവരെ സിവിൽ സപ്ളൈസ് നൽകിയത് : ₹ 75.21 കോടി
സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും മില്ലുടമകളുടെയും കാലുപിടിച്ചിട്ടാണ് പാടത്തും ബണ്ടുകളിലും കൂട്ടിയിട്ടിരുന്ന നെല്ല് സംഭരിക്കാൻ തയ്യാറായത്. ഈർപ്പത്തിന്റെ പേരിൽ കൂടുതൽ കിഴിവ് മില്ലുടമകൾക്ക് നൽകേണ്ടി വന്നു
-കർഷകർ