മാവേലിക്കര: താലുക്കിൽ സർക്കാർ സ്ക്കൂളുകളിൽ വിതരണത്തിന് അനുവദിച്ച ഭക്ഷ്യ കിറ്റുകളിൽ കൈപ്പറ്റാതെ അവശേഷിച്ചവ മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ വിതരണം നടത്തി. കൊവിഡ് ബാധിരായ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ ക്വാറന്റൈനിൽ ആയതിനാൽ ഭക്ഷ്യ കിറ്റ് കൈപ്പറ്റുവാൻ സാധിക്കാതിരുന്നു. തെക്കേക്കര ഗവ.യു.പി.എസിൽ നിന്നും തുടക്കമിട്ട് താലൂക്കിലെ വിവിധ സർക്കാർ സ്ക്കൂളുകളിലെ 15ഓളം വിദ്യാർത്ഥികൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ വാഹനത്തിൽ ഭക്ഷ്യക്കിറ്റ് എത്തിച്ച് നൽകി. തെക്കേക്കര ഗവ.യു.പി.എസിൽ നടന്ന ചടങ്ങിൽ ജോയിന്റ് ആർ.ടി.ഒ എം.ജി.മനോജ് സ്ക്കൂൾ എച്ച്.എം സുശീലയിൽ നിന്നും കിറ്റുകൾ ഏറ്റുവാങ്ങി. സ്ക്കൂൾ വികസനസമിതി ചെയർമാൻ അഭിലാഷ്.ഡി, പി.ടി.എ പ്രസിഡന്റ് സുഗീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെകടർമാരായ എം.ശ്യാം കുമാർ, പി.ജയറാം എന്നിവരും വകുപ്പ് ഉദ്യോഗസ്ഥനായ അനൂപും ചേർന്നാണ് ഭക്ഷ്യകിറ്റുകൾ വിദ്യാർത്ഥികൾക്ക് എത്തിച്ചു നൽകിയത്.