palamel
പാലമേൽ ഗ്രാമപഞ്ചായത്ത് ടൗൺ തെറ്റിക്കുഴി ഭാഗത്ത് വീടുകളോട് ചേർന്നുള്ള വെള്ളക്കെട്ട്

ചാരുംമൂട് : പാലമേൽ ഗ്രാമ പഞ്ചായത്തിലെ ടൗൺ തെറ്റിക്കുഴിയിൽ പ്രദേശത്തെ 30 ഓളം വീട്ടുകാർ വെള്ളക്കെട്ടുമൂലം വർഷങ്ങളായി ദുരിതത്തിൽ. ടൗൺ വാർഡിന്റെയും എരുമക്കുഴി വാർഡിന്റെയും അതിർത്തിയിലാണ് മൂന്ന് ഏക്കറിലധികം സ്ഥലം വെള്ളം കയറി കിടക്കുന്നത്.

പത്തോളം വീട്ടുകാർ ആശ്രയിക്കുന്ന വഴിയും വെള്ളത്തിലാണ്. മഴക്കാലമാകുമ്പോൾ ഉയർന്ന ഭാഗങ്ങളിൽ നിന്നും വെള്ളം ഒഴുകിയിറങ്ങുന്നതാണ് വെള്ളക്കെട്ടിന് കാരണം. മലിന ജലം കിണറുകളിലേക്ക് വ്യാപിക്കുന്നത് മൂലം കുടിവെള്ളം മുട്ടിയതായി നാട്ടുകാർ പറഞ്ഞു. സാംക്രമിക രോഗങ്ങൾ പടരുമോ എന്ന ആശങ്കയുമുണ്ട്.

വെള്ളം കയറുന്ന സന്ദർഭങ്ങളിൽ ഇഴജന്തുക്കളുടെ ശല്യമുണ്ടെന്നും നാട്ടുകാർ പറയുന്നു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് പ്രഞ്ചായത്തംഗം കെ.ബിജു തുടങ്ങിയവർ ഇന്നലെ രാവിലെ സ്ഥലം സന്ദർശിച്ചു. വെള്ളം ഒഴുക്കിവിടുന്നതിനുള്ള താത്ക്കാലിക നടപടികൾ ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.