ചേർത്തല: ശ്രീനാരായണ കോളേജ് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രത്യേക ഓൺലൈൻ പരിപാടി 'ഹൃദയലേഖയ്ക്ക് ഇന്ന് തുടക്കമാകും. ഔദ്യോഗികജീവിതത്തിൽ നിന്നും വിരമിക്കുന്ന, മലയാളവിഭാഗം മേധാവി ഡോ.സി.ലേഖയ്ക്ക് ശിഷ്യരും സഹ പ്രവർത്തകരും ചേർന്ന് നൽകുന്ന സ്‌നേഹാദരമാണ് 'ഹൃദയലേഖ ലേഖ ടീച്ചർക്ക് ഹൃദയപൂർവം' എന്നത്. 27 മുതൽ 30 വരെ ശ്രീമലയാളം യൂടൂബ് ചാനലിലൂടെ തത്സമയം ഇത് കാണാം. ദിവസവും രാവിലെ 10 നും വൈകിട്ട് 3 നും രണ്ടു മണിക്കൂർ വീതമുള്ള രണ്ടു സെഷനുകൾ വീതം ആകെ എട്ടു സെഷനുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യാത്രയയപ്പ് സമ്മേളനം സുഹൃദ് സംഗമം,നാല് പ്രഭാഷണങ്ങൾ,രണ്ട് സംഗീതപരിപാടികൾ എന്നിവയാണ് മുഖ്യയിനങ്ങൾ.
ഇന്ന് രാവിലെ 10ന് പ്രിൻസിപ്പൽ ഡോ.പി.എൻ.ഷാജി യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ.എസ്.അജയകുമാർ മുഖ്യപ്രഭാഷണം നടത്തും. എം.വി.കൃഷ്ണമൂർത്തി അദ്ധ്യക്ഷനാകും. ഉച്ചയ്ക്ക് 3 ന് സുഹൃത്തു ക്കളുടെയും ശിഷ്യരുടെയും ഓൺലൈൻ ഒത്തുചേരൽ. നാളെ രണ്ട് അക്കാദമിക് സെഷനുകൾ.രാവിലെ 10 ന് ശ്രീനാരായണ ഗുരു: ഋഷിയും കവിയും' എന്ന വിഷയത്തിൽ ഡോ.ടി. എച്ച്.ജിത പ്രഭാഷണം നടത്തും.വൈകിട്ട് 3 ന് ഡോ.എസ്. ഗിരീഷ്‌കുമാർ 'പാരിസ്ഥിതിക മനശാസ്ത്രം മലയാളകവിതയിൽ' എന്ന വിഷയം അവതരിപ്പിക്കും.
ശനിയാഴ്ച രാവിലെ 10 ന് ലിംഗഭേദം,ലിംഗപദവി,ലിംഗനീതി എന്ന വിഷയത്തിൽ ഡോ.ഡി. ബിന്ദു പ്രഭാഷണം നടത്തും. വൈകിട്ട് 3 ന് കോളേജിലെ മ്യൂസിക് ക്ലബ് പ്രവർത്തകർ അവതരിപ്പിക്കുന്ന സംഗീത പരിപാടി, ഹൃദയരാഗം. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10ന് ഡോ.ബിച്ചു എക്‌സ് മലയിൽ 'സ്ത്രീ ജീവിതവും എഴുത്തും ' എന്ന വിഷയം അവതരിപ്പിക്കും. വൈകിട്ട് 3 മുതൽ പ്രശസ്ത പുല്ലാങ്കുഴൽ കലാകാരനും മലായാള വിഭാഗം പൂർവ വിദ്യാർത്ഥിയും കൂടിയായ രാജേഷ് ചേർത്തലയുടെ സംഗീത പരിപാടി 'ഹൃദയമുരളീരവം' .
തണ്ണീർമുക്കം കണ്ണങ്കര സ്വദേശിയായ ഡോ.സി.ലേഖ, 23 വർഷം നീണ്ട സേവനത്തിന് ശേഷമാണ് ജോലിയിൽ നിന്ന് വിരമിക്കുന്നത്. ശ്രീനാരായണ ട്രസ്റ്റിനു കീഴിലുള്ള വിവിധ കലാലയങ്ങളിൽ സേവനമനുഷ്ഠിച്ചു.ഭാഷ, സാഹിത്യം, ശ്രീനാരായണ ദർശനം തുടങ്ങിയ വിഷയങ്ങളിൽ നിരവധി പ്രഭാഷണങ്ങൾ നടത്തിയിട്ടുണ്ട്. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ റിട്ട. ഡെപ്യൂട്ടി ഡയറക്ടർ അഡ്വ.പി. ആർ.റോയിയാണ് ഭർത്താവ്. അമൽറോയ്,അരവിന്ദ് റോയ് എന്നിവർ മക്കൾ.