ചേർത്തല: പുല്ലു ചെത്ത് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വള്ളം വേമ്പനാട്ട് കായലിൽ കാറ്റിൽപ്പെട്ട് മറിഞ്ഞു. വള്ളവും എൻജിനും ഒഴുകിപ്പോയി. വള്ളത്തിലുണ്ടായിരുന്ന അഞ്ച് തൊഴിലാളികൾ രക്ഷപ്പെട്ടു.ചൊവ്വാഴ്ച വൈകിട്ട് 7മണിയോടെ പാതിരാമണലിന് സമീപത്തായിരുന്നു അപകടം. കുമരകം ഭാഗത്ത് നിന്ന് ചെത്തിയ പുല്ലുമായി വന്ന തൊഴിലാളികളാണ് അപകടത്തിൽപെട്ടത്. മുഹമ്മ ഏഴാം വാർഡിൽ തകിടിയിൽ സുനിദാവന്റെ ഉടമസ്ഥതയിലുളള വള്ളമാണ് മുങ്ങിയത്. കഞ്ഞിക്കുഴി ഏഴാം വാർഡിൽ കണ്ണേഴത്ത് കോളനി വി.കെ. സുകുമാരൻ,മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ വരകാടി വെളി മോനച്ചൻ,മുഹമ്മ കോയിക്കശേരി പ്രകാശൻ,കഞ്ഞിക്കുഴി 9-ാം വാർഡിൽ തോട്ടുങ്കൽ വെളി രാധാമണി,കഞ്ഞിക്കുഴി 15-ാം വാർഡിൽ കാരിക്കുഴി കോളനി അമ്മിണി എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. എൻജിൻ തകരാറിലായപ്പോൾ വള്ളം കായലിൽ കുടുങ്ങി. ഇവർ അറിയിച്ചതിനെ തുടർന്ന് മറ്റൊരു വളളം മുഹമ്മയിൽ നിന്ന് എത്തിയെങ്കിലും പെട്ടെന്നുണ്ടായ തിരയിൽ ഇവരുടെ വള്ളം മുങ്ങി. രക്ഷിക്കാൻ എത്തിയ വള്ളത്തിനും കേടുപാടുണ്ടായി.വള്ളവും എൻജിനും മറ്റും നഷ്ടപ്പെട്ട വകയിൽ രണ്ട് ലക്ഷം രൂപയോളം നഷ്ടം കണക്കാക്കപ്പെടുന്നു. ജലഗതാഗത വകുപ്പിന്റെ ബോട്ടും രക്ഷാപ്രവർത്തനത്തിന് എത്തിയിരുന്നു.