ആലപ്പുഴ: കാലവർഷത്തിന് മുമ്പേ, തുടർച്ചയായ മഴകാരണം കിഴക്കൻ വെള്ളത്തിന്റെ വരവ് കൂടുകയും കടലിൽ വേലിയേറ്റം ശക്തമാകുകയും ചെയ്തതോടെ ജില്ല ഭീതിയിൽ. പത്തനംതിട്ട ജില്ലയിൽ അനുഭവപ്പെട്ട ശക്തമായ മഴയെത്തുടർന്ന് പമ്പ - അച്ചൻ കോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നതിനാൽ കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലെ മിക്കപ്രദേശങ്ങളും വെള്ളത്തിലായി.
ടൗക്‌തേ,യാസ് ചുഴലിക്കാറ്റുകളെ തുടർന്ന് കിഴക്കൻ ജില്ലകളിൽ അനുഭവപ്പെട്ട തോരാമഴയാണ് വെള്ളത്തിന്റെ വരവ് കലാവർഷത്തിന് മുമ്പ് ശക്തമാകാൻ കാരണം. ഇന്നലെ ഓരോ മണിക്കൂർ കഴിയുമ്പോഴും ആറുകളിൽ ജലനിരപ്പ് ഉയർന്നത് ആശങ്ക വർദ്ധിപ്പിച്ചു. ഒരാഴ്ചമുമ്പ് അനുഭവപ്പെട്ട മഴയിലും കാറ്റിലും ജില്ലയിൽ 3.5കോടിയിൽ അധികം രൂപയുടെ നാശനഷ്ടമുണ്ടായി. ഇന്നലെ പുലർച്ചെ മുതൽ ജില്ലയിലെ മിക്കഭാഗങ്ങളിലും ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടു. ആറാട്ടുപുഴ തൃക്കുന്നപ്പുഴ പഞ്ചായത്തുകളുടെ തീരത്ത് കടലാക്രമണം രൂക്ഷമായിരുന്നു.
ജലനിരപ്പ് ഉയർന്നു
ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഇതുവഴിയുള്ള യാത്ര ദുരിതത്തിലായി. പമ്പ,അച്ചൻ കോവിൽ, മണിമല ആറുകൾ കടന്നുപോകുന്ന നിരണം, തലവടി, എടത്വാ, തകഴി, വീയപുരം, ആയാപറമ്പ്, ചെറുതന, പള്ളിപ്പാട്, പുളിങ്കുന്ന്, കാവാലം, നെടുമുടി, വെളിയനാട്, മുട്ടാർ, ചമ്പക്കുളം, നീലംപേരൂർ, തുടങ്ങിയ പ്രദേശങ്ങളിലാണ് ജലനിരപ്പ് ഉയർന്നത്. ജലനിരപ്പ് കൂടുതൽ ഉയർന്നാൽ പ്രദേശത്തെ കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നതിനുള്ള മുൻകരുതൽ നടപടികൾ ജില്ലാ ഭരണകൂടും ആരംഭിച്ചു.
നീരോഴുക്കിന് തടസം
ജില്ലയിലെത്തുന്ന കിഴക്കൻ വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് തണ്ണീർമുക്കം ബണ്ടും തോട്ടപ്പള്ളി, കായംകുളം പൊഴികളുമാണ്. ദേശീയജലപാതയിലൂടെയാണ് പ്രളയജലം കായംകുളം പൊഴിയിൽ എത്തുന്നത്. തൃക്കുന്നപ്പുഴയിൽ ദേശീയജലപാതയ്ക്ക് കുറുകെ പുതിയ പാലം നിർമ്മിക്കുന്നതിനായി ഷട്ടറിന്റെ ഭാഗം മണൽ ഉപയോഗിച്ച് അടച്ചതിനാൽ നീരൊഴുക്ക് തടസപ്പെട്ടു. പുളിക്കീഴ് ആറ്റിൽ ഓരുമുട്ടിനായി നിർമ്മിച്ച താത്കാലിക ബണ്ട് പൂർണമായും പൊളിച്ച് നീക്കാത്തതും നവീകരിച്ച കാർത്തികപ്പള്ളി തോട്ടിൽ മണൽ അടിഞ്ഞു കൂടിയതും പലഭാഗങ്ങളിലെ കൈയേറ്റവും നീരൊഴുക്കിന് തടസം സൃഷ്ടിക്കുകയാണ്.
പമ്പ ഡാം തുറന്നാൽ
വൃഷ്ടി പ്രദേശങ്ങളിൽ മഴ ശക്തമായി തുടരുന്നതിനാൽ പമ്പ ഡാം തുറക്കേണ്ടി വന്നാൽ കുട്ടനാട്, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, അമ്പലപ്പുഴ, മാവേലിക്കര താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാകും.
3.5 : ഒരാഴ്ച മുമ്പ് ജില്ലയിൽ മഴയിലുണ്ടായ നാശനഷ്ടം 3.5 കോടി