അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പിൽവേ കനാലിൽ പോള നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതോടെ കാലവർഷത്തിൽ കിഴക്കൻ മേഖല ഇത്തവണയും വെള്ളത്തിലാവുമോ എന്ന് ആശങ്ക.
സ്പിൽവേയുടെ കിഴക്കുഭാഗത്താണ് പോള അടിയുന്നത്. ഒരാഴ്ച മുൻപ് മഴ കനത്തതോടെ കിഴക്കൻ വെള്ളം ഒഴുകിപ്പോകാനായി പൊഴി മുറിച്ച ശേഷം 33 ഷട്ടറുകൾ തുറന്നിരുന്നു. എന്നാൽ കായലിൽ പോള നിറഞ്ഞു കിടക്കുന്നതിനാൽ കിഴക്കൻ വെള്ളം സുഗമമായി കടലിലേക്ക് ഒഴുകുന്നില്ല. വരും ദിവസങ്ങളിൽ ന്യൂനമർദ്ദം, കാലവർഷം എന്നിവ മൂലം കിഴക്കൻ പ്രദേശങ്ങളെല്ലാം വീണ്ടും വെള്ളക്കെട്ടിലാകും. അടിയന്തരമായി പോള നീക്കം ചെയ്തില്ലെങ്കിൽ ഷട്ടർ ഉയർത്തിയതിൻറ്റെ പ്രയോജനം ഉണ്ടാവില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.