
ചേർത്തല: ശ്രീനാരായണ സമൂഹത്തിലെ സമർത്ഥരായ വിദ്യാർത്ഥികൾക്ക് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടാൻ എസ്.എൻ.ഡി.പി യോഗത്തിന്റെ ആഭിമുഖ്യത്തിൽ 30ന് പരിശീലന പരിപാടി നടത്തും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രാവിലെ 9.30 ന് ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും.
ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിൽ പ്രസിഡന്റ് പ്രൊഫ.പി.ആർ.ജയചന്ദ്രൻ അദ്ധ്യക്ഷനാകും. അമൃത ഐ.എ.എസ് അക്കാഡമി ഡയറക്ടർ സ്വാമി വിശ്വാമൃത, കെ.എസ്.രാജേന്ദ്രകുമാർ എന്നിവർ പങ്കെടുക്കും. ശ്രീനാരായണ എംപ്ളോയീസ് ഫോറം കോ-ഓർഡിനേറ്റർ പി.വി.റജിമോൻ സ്വാഗതവും പ്രസിഡന്റ് എസ്. അജുലാൽ നന്ദിയും പറയും.
ശ്രീനാരായണീയരായ വിദ്യാർത്ഥികളെ സിവിൽ സർവീസിലും സർക്കാർ സർവീസിലും കൂടുതലായി എത്താൻ പരിശീലിപ്പിക്കണമെന്ന യോഗം ജനറൽ സെക്രട്ടറിയുടെ ആഗ്രഹപ്രകാരം ശ്രീനാരായണ എംപ്ലോയീസ് ഫോറവും ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിലും ചേർന്നാണ് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നത്.
സിവിൽ സർവീസ് കോച്ചിംഗ് രംഗത്തെ മുൻനിര സ്ഥാപനമായ അമൃത ഐ.എ.എസ് അക്കാഡമിയാണ് ഓൺലൈൻ പരിശീലനക്ലാസ് നടത്തുന്നത്. 30 ന് രാവിലെ 9ന് ആരംഭിക്കുന്ന ഓറിയന്റേഷൻ പ്രോഗ്രാമിൽ സിവിൽ സർവീസ് പരീക്ഷ എഴുതാൻ ഉദ്ദേശിക്കുന്ന ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാമെന്നതാണ് വിഷയം. പരീക്ഷയുടെ അടിസ്ഥാന കാര്യങ്ങളെക്കുറിച്ച് അമൃത അക്കാഡമിയിലെ അനുഭവസമ്പന്നരായ സീനിയർ ഫാക്കൽറ്റിമാർ ക്ലാസുകളെടുക്കും.
സിവിൽ സർവീസ് പരീക്ഷയും സിലബസും, ചുരുങ്ങിയ കാലയളവിൽ സിലബസ് കവർ ചെയ്യുന്ന രീതികൾ, പഠിക്കേണ്ട പ്രധാന വിഷയങ്ങൾ, സിവിൽ സർവീസ് പരീക്ഷയ്ക്ക് പത്രങ്ങൾ വായിക്കേണ്ട വിധം, ഏതൊക്കെ എൻ.സി. ഇ.ആർ.ടി പുസ്തകങ്ങൾ വായിക്കണം, നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകങ്ങൾ, പരീക്ഷാ പരിശീലന മദ്ധ്യേ ഒഴിവാക്കേണ്ട തെറ്റുകൾ , പ്രിലിമിനറി പരീക്ഷയിൽ ആദ്യ തവണ വിജയം ഉറപ്പുവരുത്താനുള്ള തന്ത്രങ്ങൾ, പ്രിലിമിനറി പരീക്ഷയ്ക്കും മെയിൻ പരീക്ഷയ്ക്കുമുള്ള വ്യത്യസ്ത തന്ത്രങ്ങൾ, മുഖാമുഖം എന്നീ കാര്യങ്ങളെ കുറിച്ച് ഓറിയന്റേഷൻ ക്ലാസിൽ ദിശാബോധം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: പി.വി. റജിമോൻ: 9446040661, എസ്. അജുലാൽ:9446526859, ഡോ. വി.ശ്രീകുമാർ:9995802039, പ്രൊഫ. പി.ആർ.ജയചന്ദ്രൻ: 9447065709, കെ.എം.സജീവ്: 9447231994.