tv-r
പറയകാട്ടിൽ ഓരുവെള്ളം കയറിയ വീടുകളിൽ ഒന്ന്

തുറവൂർ: ഓരുമുട്ടുകൾ സ്ഥാപിക്കാത്തതിനെത്തുടർന്ന് കുത്തിയതോട് പഞ്ചായത്ത് രണ്ടാം വാർഡിൽ ഇരുപതോളം വീടുകൾ വെള്ളത്തിലായിട്ട് രണ്ടാഴ്ച പിന്നിട്ടു. കൊച്ചുവാവക്കാട് പാടശേഖരത്തിന്റെ കിഴക്കേ ഭാഗത്ത് താമസിക്കുന്ന കുടുംബങ്ങളാണ് ദുരിതത്തിൽ കഴിയുന്നത്. വീടിന്റെ അടുക്കളയിലടക്കം ഓരുവെളളം കയറിയതിനാൽ പാചകം പോലും ചെയ്യാനാവാത്ത അവസ്ഥയാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. യഥാസമയം ഓരുമുട്ട് സ്ഥാപിക്കാത്തതാണ് വീടുകൾ വെള്ളക്കെട്ടിലാകാൻ കാരണം. മറ്റ് പാടശേഖരങ്ങളുടെ സമീപത്ത് താമസിക്കുന്നവരും സമാന അവസ്ഥയിലാണ്. പാടശേഖര ഭാരവാഹികളോട് ഓരുമുട്ട് ഇടുന്ന കാര്യം നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. പ്രശ്നത്തിന് ഇനിയും പരിഹാരം ഉണ്ടായില്ലെങ്കിൽ ജില്ലാ കളക്ടറെ സമീപിക്കാനാണ് ഇവരുടെ തീരുമാനം.