ആലപ്പുഴ : നഗരസഭയിൽ 52 വാർഡുകളിലായി അരലക്ഷം ഭവനങ്ങളിൽ അണു നശീകരണ സാമഗ്രികൾ എത്തിച്ചു നൽകുന്ന "വിൻ ദ വൈറസ് ' പദ്ധതി ആരംഭിച്ചു. 52 വാർഡ് തല ജാഗ്രതാ സമിതികൾക്കും വീടെണ്ണം കണക്കാക്കി സാനിറ്റൈസർ,ബ്ളീച്ചിംഗ് പൗഡർ,ലോഷൻ എന്നിവ എത്തിച്ചു നൽകിയിട്ടുണ്ട്. രണ്ടു ദിവസത്തിനകം എല്ലാ വീടുകളിലും അണുനാശിനികൾ എത്തുമെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് അറിയിച്ചു.

നഗരത്തിലെ എല്ലാ വാർഡുകളിലും രണ്ട് റൗണ്ട് സ്പ്രേയിംഗ്, ഫോഗിംഗ് ,ഓട ശുചീകരണം എന്നിവ പൂർത്തിയായതായും ഒരു തവണ മാസ്സ് ക്ലീനിംഗ് ക്യാംപെയ്ൻ നടന്നതായും നഗരസഭ അദ്ധ്യക്ഷ പറഞ്ഞു.

നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ വിദഗ്ദ തൊഴിലാളികൾ അടങ്ങുന്ന 3 ദ്രുതകർമ്മ സംഘങ്ങൾ പ്രവർത്തിച്ചു വരുന്നുണ്ട്. റാണി തോട്,ഷഡാമണി തോട് എന്നിവയുടെ സമഗ്ര ശുചീകരണ പദ്ധതി ഇന്ന് ആരംഭിക്കുമെന്നും നഗരസഭ അദ്ധ്യക്ഷ യും ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീന രമേശും അറിയിച്ചു.