മുന്നൊരുക്കങ്ങളുമായി കെ.എസ്.ഇ.ബി
ആലപ്പുഴ: ചുഴലിക്കാറ്റും പേമാരിയും വിതച്ച നാശത്തിൽ നിന്ന് കരകയറവേ, കാലവർഷത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ ശക്തമാക്കുകയാണ് സംസ്ഥാനത്തെ കെ.എസ്.ഇ.ബി ജീവനക്കാർ. ദിവസങ്ങൾക്ക് മുമ്പ് ടൗക് തേ ചുഴലിക്കാറ്റിന്റെ ഭാഗമായുണ്ടായ കേടുപാടുകൾ പരിഹരിക്കാൻ വകുപ്പിലെ ജീവനക്കാർ നടത്തിയ അശ്രാന്ത പരിശ്രമത്തിന് പൊതുജനങ്ങൾക്കിടയിൽ വലിയ പ്രശംസ ലഭിച്ചിരുന്നു.
സാധാരണ മഴക്കാലങ്ങളിൽ ഉണ്ടാകുന്ന കേടുപാടുകളുടെ നാലിരട്ടി നാശനഷ്ടമാണ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ സംഭവിച്ചത്. മൺസൂൺ വരവറിയിച്ചിതോടെ മുന്നൊരുക്കങ്ങൾ കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് വകുപ്പ്. കാറ്റിൽ നിലംപതിച്ച പോസ്റ്റുകളെല്ലാം പ്രവർത്തനസജ്ജമാക്കി. കാലപ്പഴക്കത്താൽ ഉറഞ്ഞ് തുടങ്ങിയ ഇരുമ്പ് പോസ്റ്റുകൾ മാറുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്. ഓരോ സെക്ഷന് കീഴിലും പ്രതിദിനം മൂന്ന് പോസ്റ്റുകൾ വരെ മാറ്റി സ്ഥാപിക്കുന്നുണ്ട്.
പോസ്റ്റുകൾക്കും വൈദ്യുതി ലൈനുകൾക്കും ഭീഷണി ഉയർത്തുന്ന മരങ്ങൾ വെട്ടിമാറ്റുന്നതിന് പി.ഡബ്ല്യു.ഡിക്ക് ലിസ്റ്റ് കൈമാറി. സ്വകാര്യ വ്യക്തികൾക്കുള്ള അറിയിപ്പും നൽകി. അപകടഭീഷണിയുള്ളവ നീക്കം ചെയ്ത് പകരം പുതിയ മരംനട്ടുപിടിപ്പിക്കുന്നതാണ് നല്ലതെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ പറയുന്നു.
മീറ്റർ റീഡിംഗ് സ്വയമെടുക്കാം
കണ്ടെയിൻമെന്റ് സോണുകളിലും, മൈക്രോ കണ്ടെയിൻമെന്റ് സോണുകളിലും മീറ്റർ റീഡർമാർക്ക് വരാൻ കഴിയാതെ വന്നാൽ ഉപഭോക്താക്കൾക്ക് സ്വയം റീഡിംഗ് എടുത്ത് നൽകാനാകും. കെ.എസ്.ഇ.ബിയിൽ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് സേവനം പ്രയോജനപ്പെടുത്താനാവുക. ഫോണിൽ ലഭിക്കുന്ന എസ്.എം.എസിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് റീഡിംഗ് രേഖപ്പെടുത്താം. ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ സാധിക്കും. റീഡിംഗിനനുസരിച്ചുള്ള ബിൽത്തുക എസ്.എം.എസായി ലഭിക്കും.
അധിക ചാർജ് ഒഴിവാക്കി
ഓൺലൈൻ വഴി ബിൽത്തുക അടയ്ക്കുന്ന ഉപഭോക്താക്കളിൽ നിന്ന് ജൂലാ 31 വരെ അധിക ചാർജ് ഈടാക്കില്ല. കെ.എസ്.ഇ.ബി പോർട്ടൽ, മൊബൈൽ ആപ്പ് , നെറ്റ് ബാങ്കിംഗ്, ബി.ബി.പി.എസ് സംവിധാനം എന്നിവ വഴി അധിക ചാർജില്ലാതെ വൈദ്യുതി ബിൽ അടയ്ക്കാം.
.................................
മഴക്കാലത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങൾ തുടരുകയാണ്. പ്രളയകാലത്ത് പോലും നേരിടാത്തത്ര നഷ്ടങ്ങളാണ് ടൗക് തേ ടുഴലിക്കാറ്റിന്റെ സമയത്തുണ്ടായത്. അപകട സാദ്ധ്യതയുള്ള പോസ്റ്റുകൾ, മരങ്ങൾ എന്നിവ നീക്കം ചെയ്യുന്ന പ്രവൃത്തികളാണിപ്പോൾ അടിയന്തര പ്രാധാന്യത്തോടെ നടത്തുന്നത്
- സുനിൽകുമാർ, അസി.എൻജിനിയർ,
കെ.എസ്.ഇ.ബി നോർത്ത് സെക്ഷൻ