ആലപ്പുഴ: ആലപ്പുഴ നഗരസഭയുടെ പുതിയ ശതാബ്ദി മന്ദിരത്തിൽ ചോർച്ച വ്യക്തമാക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നു.
പുതിയ മന്ദിരത്തിന്റെ മുകൾ നിലയിലേക്ക് വെള്ളം ചോർന്നിറങ്ങിയ ചിത്രങ്ങളാണ് പ്രചരിക്കുന്നത്. കഴിഞ്ഞ നഗരസഭ ഭരണസമിതിയാണ് 10.4 കോടി ചെലവിട്ട് കളക്ടറേറ്റിന് സമീപം കെട്ടിടം നിർമ്മിച്ചത്. ഉദ്ഘാടന ശേഷവും പണികൾ ബാക്കിയുണ്ടായിരുന്നു. അതുകൊണ്ട് നിലവിൽ വാക്സിനേഷൻ കേന്ദ്രമായി പ്രവർത്തിക്കുകയാണ് ഇവിടം. പണിതീരാത്ത കെട്ടിടം മുൻ ഭരണസമിതി തിടുക്കപ്പെട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് പറഞ്ഞു. നാലു കോടിയോളം രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ശേഷിക്കുന്നുണ്ട്. ഇവ കൂടി പൂർത്തിയാക്കാതെ നഗരസഭയുടെ ഓഫീസുകളൊന്നും കെട്ടിടത്തിൽ പ്രവർത്തിക്കില്ലെന്നും സൗമ്യ രാജ് വ്യക്തമാക്കി.