ആലപ്പുഴ: ആലപ്പുഴ മെഡി. ആശുപത്രിയിലെ കൊവിഡ് ട്രയാജിലേക്ക് ആംബുലൻസിൽ എത്തിക്കുന്ന രോഗികളെ വേഗത്തിൽ ഉള്ളിൽ പ്രവേശിപ്പിക്കാൻ നടപടികളായി. ഇതിനായി ഒരു സെക്യൂരിറ്റി ജീവനക്കാരനെയും ഗ്രേഡ് രണ്ട് അല്ലെങ്കിൽ കുടുംബശ്രീ ജീവനക്കാരനെയും ചുമതലപ്പെടുത്തും. ഇവർ 24 മണിക്കൂർ ജോലിയിലുണ്ടാവും. ആശുപത്രി സൂപ്രണ്ട് ഡോ.വി.രാംലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് തിരുമാനം.
മൃതദേഹങ്ങൾ ഏതെങ്കിലും കാരണവശാൽ നൽകാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബന്ധപ്പെട്ട ജീവനക്കാർ സൂപ്രണ്ടിനെയോ ആർ.എം.ഓയെയോ അറിയിക്കണം. അകാരണമായ താമസം ഗൗരവമായി കണ്ട് നടപടി സ്വീകരിക്കും. കുടിവെള്ളം, ഭക്ഷണം എന്നിവ രോഗികൾക്ക് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നഴ്സിംഗ് സൂപ്രണ്ടുമാരെ ചുമതലപ്പെടുത്തി. രോഗികൾക്ക് ആഭരണങ്ങളുണ്ടെങ്കിൽ അത് 2 സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ മാറ്റിയ ശേഷം പ്രോപ്പർട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തി നഴ്സിംഗ് സൂപ്രണ്ടിനേയും മെഡിക്കൽ സൂപ്രണ്ടിനെയും അറിയിക്കണമെന്നും അവയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും വാർഡുകളിലെ ഹെഡ് നഴ്സുമാർക്കു നിർദ്ദേശം നൽകി. അസാധാരണ സാഹചര്യമുണ്ടായാൽ എത്രയും വേഗം പൊലീസ് എയ്ഡ് പോസ്റ്റിൽ അറിയിക്കണം.
# മറ്റ് തീരുമാനങ്ങൾ
ഓക്സിജൻ കുറവുണ്ടായാൽ ട്രയാജിൽ തന്നെ ഓക്സിജൻ തെറാപ്പി നൽകും
ഓക്സിജൻ സിലണ്ടറുകൾ കൈകാര്യം ചെയ്യാൻ 2 ജീവനക്കാരെ 24 മണിക്കൂറും നിയോഗിക്കും
ട്രയാജിൽ മരണമടയുന്നവരുടെ മൃതദേഹം ഈ ജീവനക്കാർ തന്നെ കൈകാര്യം ചെയ്യണം
ഒന്നാം വാർഡിലെ ഓക്സിജൻ പൈപ്പ് ലൈൻ പൂർത്തിയാകുന്ന മുറയ്ക്ക് ട്രയാജ് സൗകര്യം വിപുലപ്പെടുത്തും
മൃതദേഹങ്ങൾ കൈകാര്യം ചെയ്യാനായി 4 അറ്റൻഡർമാരെ കൂടുതലായി നിയമിക്കും
ഡെത്ത് കെയർ കൊടുക്കുന്ന ജീവനക്കാർക്ക് സെൽഫോൺ നൽകും