ആലപ്പുഴ: മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, ഐ.സി.ഡി.എസ് എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് വേണ്ടതെന്ന് കളക്ടർ എ.അലക്സാണ്ടർ പറഞ്ഞു. മുന്നൊരുക്കങ്ങൾ വിലയിരുത്താനായി ചേർന്ന താഹസിൽദാർമാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗത്തിലായിരുന്നു നിർദ്ദേശം.
ഓടകളിലും ചെറുതോടുകളിലും അടക്കം നീരൊഴുക്ക് സുഗമമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് പഞ്ചായത്തുകൾ മുൻതൂക്കം കൊടുക്കണം. ജലാശയങ്ങളിലെ പോളയും മലിന്യങ്ങളും നീക്കി ശുചീകരിക്കുന്നതിന് വാർഡ് തലത്തിൽ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് തഹസീൽദാർമാർ നിർദ്ദേശം നൽകണം. ശുചീകരണ പ്രവർത്തനങ്ങളിലടക്കം കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ എന്നിവരുടെ സേവനം ഉപയോഗിക്കണം. ദുരിതാശ്വാസ ക്യാമ്പുകൾക്കായുള്ള കേന്ദ്രങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ കണ്ടെത്തി വയ്ക്കണം. കൊവിഡ് പോസിറ്റീവ് ആയവർക്ക് പ്രത്യേക സൗകര്യങ്ങൾ ലഭ്യമാകുന്ന വിധം ക്യാമ്പുകൾ ഒരുക്കണം. ക്യാമ്പുകളിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരുടെ ലഭ്യത ഉറപ്പാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിൽ അപകടകരമാം വിധം നിൽക്കുന്ന മരങ്ങൾ വെട്ടിമാറ്റാനും പഞ്ചായത്തുകൾ നടപടി സ്വീകരിക്കണം. അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനായി ജെ.സി.ബി, ഹിറ്റാച്ചി, ബോട്ടുകൾ എന്നിവയും തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പ് വരുത്തണം. ഈ പ്രവർത്തനങ്ങളെല്ലാം പഞ്ചായത്തുകൾ കൃത്യമായി നടപ്പാക്കുന്നുണ്ടെന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും കളക്ടർ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.